നേപ്പാളിൽ ലോകം ഇതുവരെ കാണാത്ത പുതുവിപ്ലവം; അനീതികളോടും അവഗണനകളോടും മനുഷ്യവിരുദ്ധതയോടും കലഹിക്കുന്ന Gen Z

ജെന്‍ സികള്‍ മുന്നിട്ടിറങ്ങിയ സമരങ്ങളും പ്രക്ഷോഭങ്ങളും, ലോകശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഫലം കാണുന്ന കാഴ്ച കൂടിയാണ് നാമിപ്പോള്‍ കാണുന്നത്

നേപ്പാളിൽ ലോകം ഇതുവരെ കാണാത്ത പുതുവിപ്ലവം; അനീതികളോടും അവഗണനകളോടും മനുഷ്യവിരുദ്ധതയോടും കലഹിക്കുന്ന Gen Z
ആമിന കെ
1 min read|11 Sep 2025, 07:57 am
dot image

രാഷ്ട്രീയബോധമില്ലാത്തവര്‍, സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാത്തവര്‍, സോഷ്യല്‍ മീഡിയയിലും ഗെയിമിങ്ങിലുമെല്ലാമായി ജീവിതം വെറുതെ പാഴാക്കുന്നവര്‍, ഇങ്ങനെ പലതരം കളിയാക്കലുകളും പരിഹാസങ്ങളും ഏല്‍ക്കേണ്ടി വരുന്ന ഒരു തലമുറയാണ് ജെന്‍ സി കിഡ്‌സ്. എന്നാല്‍ ഇതേ ജെന്‍ സികള്‍ മുന്നിട്ടിറങ്ങിയ സമരങ്ങളും പ്രക്ഷോഭങ്ങളും, ലോകശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഫലം കാണുന്ന കാഴ്ച കൂടിയാണ് നാമിപ്പോള്‍ കാണുന്നത്.

ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശുമടക്കം ഇന്ത്യയുടെ അയല്‍പ്പക്കത്തുള്ള മൂന്ന് രാജ്യങ്ങളിലും സര്‍ക്കാരിനെ താഴെ ഇറക്കിയത് പുതു തലമുറയുടെ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും തന്നെയാണ്. ആഗോളതലത്തിലുണ്ടാകുന്ന ഗൗരവമേറിയ പല പ്രശ്നങ്ങളിലും ജെന്‍ സി കിഡ്‌സ് നിലപാട് സ്വീകരിക്കുന്ന കാഴ്ചയും കാണാം.

Nepal Protest
നേപ്പാൾ പ്രക്ഷോഭത്തിൽ നിന്ന്

നേപ്പാളിലെ കലാപമാണ് നിലവില്‍ ജെന്‍ സി പ്രക്ഷോപങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് വഴിവെച്ചത്. നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിന് പിന്നാലെ ജെന്‍ സി ഒന്നടങ്കം തെരുവില്‍ ഇറങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളുടെ നിരോധനം മാത്രമായിരുന്നില്ല നേപ്പാളിലെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്നം. തൊഴിലില്ലായ്മയും അഴിമതിയും ധൂര്‍ത്തുമെല്ലാം സൃഷ്ടിച്ച അതൃപ്തി, കാലങ്ങളായി അവര്‍ അനുഭവിച്ചു പോന്നിരുന്നതാണ്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലാണ് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നേപ്പാളില്‍ ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഇതോടെ പ്രതിഷേധം അണപ്പൊട്ടിയൊഴുകുകയായിരുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു മാനസികാവസ്ഥയില്‍ നില്‍ക്കുന്ന യുവതയ്ക്ക് പ്രക്ഷോഭത്തിനുള്ള കാരണമായി അത് മാറി.

സമാനരീതിയില്‍ യുവത നയിച്ച ഒരു സമരമായിരുന്നു കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശില്‍ നടന്നതും. നേപ്പാളിനെ പോലെ ഇന്ത്യയുടെ തൊട്ട് അയല്‍രാജ്യമായ ബംഗ്ലാദേശില്‍ യുവജന പ്രക്ഷോഭം ആളിക്കത്തുകയും ഹസീന സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം പുനസ്ഥാപിച്ചതായിരുന്നു പ്രക്ഷോഭത്തിന്റെ കാരണം. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഷെയ്ഖ് ഹസീനയ്ക്ക് നാട് വിടേണ്ടി വന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കാതിരിക്കുന്നതിലെ പ്രതിഷേധമായിരുന്നു അന്ന് ബംഗ്ലാദേശിലെ പുതുതലമുറ അറിയിച്ചത്.

Bangladesh Protest
ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ നിന്നും

2022ലായിരുന്നു ശ്രീലങ്കയിലെ രാജ്പക്‌സെ ഭരണകൂടം ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് താഴെ വീണത്. അമിത പണപ്പെരുപ്പം, ഇന്ധനവും പാചകവാതകവും അടക്കമുള്ള അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം, വൈദ്യുതി മുടക്കം, രാഷ്ട്രീയക്കാര്‍ക്കിടയിലെ അഴിമതി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെല്ലാമെതിരെ ജനകീയ പ്രക്ഷോഭം ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കയിലെ യുവാക്കള്‍ സംഘടിതമായി തെരുവിലിറങ്ങുകയായിരുന്നു.

Sri Lanka
ശ്രീലങ്കയിലെ പ്രക്ഷോഭത്തിൽ നിന്നും

ഇവ മൂന്നും നിലനില്‍ക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളായിരുന്നു. ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പല രാഷ്ട്രീയകാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, യുവാക്കളുടെ അസംതൃപ്തി പ്രധാനപ്പെട്ടതായിരുന്നു. ഏതെങ്കിലും ഒരു നേതാവിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടെയോ കീഴില്‍ അണിനിരന്നായിരുന്നില്ല ഈ പ്രക്ഷോഭങ്ങളൊന്നും സംഭവിച്ചത്. പ്രശ്‌നാധിഷ്ഠിതമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങള്‍ വലിയ കലാപങ്ങളായി മാറുകയും അധികാരികള്‍ നിലംപതിക്കുകയുമായിരുന്നു.

സ്വന്തം രാജ്യത്തെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളെ മാത്രമല്ല, മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യത്വ വിരുദ്ധവും അതിക്രൂരവുമായ യുദ്ധങ്ങളിലും പുതിയ തലമുറ നിരാശരാണ്. ഗാസയിലെ ഇസ്രയേല്‍ വംശഹത്യക്കെതിരെ ആഗോളതലത്തില്‍ ജെന്‍ സി നടത്തുന്ന പ്രതിഷേധങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഗാസയിലെ ഇസ്രയേലിന്റെ നരനായാട്ടില്‍, കുഞ്ഞുങ്ങളെ ഉള്‍പ്പെടെ അതിദാരുണമായി കൊല്ലാക്കൊല ചെയ്യുന്നതില്‍ ഫ്രസ്ട്രേറ്റഡാകുന്ന ജനതയെ ക്യാമ്പസുകളിലടക്കം നമുക്ക് കാണാം.

കൊളംബിയ, ഹാര്‍വാര്‍ഡ്, യുസിഎല്‍എ, തുടങ്ങിയ അമേരിക്കയിലെ പ്രമുഖ ക്യാമ്പസുകളിലെല്ലാം നടന്ന പ്രതിഷേധങ്ങളും ഇതില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വന്ന നടപടികളും ദിനംപ്രതി നാം കേള്‍ക്കുന്നതുമാണ്. കേരളത്തിലടക്കം ഗാസയിലെ പ്രശ്‌നങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതിലും മറവിയിലേക്ക് വിടാതെ ഇരിക്കുന്നതിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരങ്ങളും ശ്രദ്ധേയമാണ്.

Gaza
പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ നിന്നും

തെരുവുകളില്‍ മാത്രമല്ല, നേപ്പാള്‍ നിരോധിച്ച ഇന്‍സ്റ്റാഗ്രാമിലടക്കം ഈ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത് ജെന്‍ സി തലമുറയാണ്. റീലുകളായും ഗ്രാഫിക്സ്, എഐ കണ്ടന്റുകളായും ഗാസയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രൂരതകള്‍ അവര്‍ തുറന്ന് കാണിക്കുന്നുണ്ട്. പ്രതിഷേധിക്കുന്നുണ്ട്. ഇക്കാലത്തെ നൂതന സാങ്കേതിക വിദ്യകളെ എങ്ങനെ പ്രതിഷേധത്തിനുള്ള ടൂളാക്കി മാറ്റാമെന്ന കൃത്യമായ ഐഡിയ അവര്‍ക്കുണ്ട്. ഗാസയ്ക്ക് വേണ്ടിയുള്ള ഓള്‍ ഐസ് ഇന്‍ റാഫ, കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരായ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ തുടങ്ങിയ ക്യാംപയിനുകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ തീപിടിച്ചത് നമ്മള്‍ കണ്ടതാണ്. കാലാവസ്ഥയ്ക്ക് വേണ്ടി നിരന്തരം പോരാടുന്ന, ഗാസയ്ക്ക് വേണ്ടി ജീവന്‍ പണയം വെച്ച് സഞ്ചരിക്കുന്ന ഗ്രേറ്റ തുന്‍ബര്‍ഗിന്റെ പ്രായം 22 ആണെന്നും ഓര്‍ക്കണം. ഒരു ഗ്രേറ്റ മാത്രമല്ല, പേര് അറിയാത്ത ഒരുപാട് ജെന്‍ സി കിഡ്സ് ഇന്ന് തെരുവുകളിലുണ്ട്.

ലോകചരിത്രം പരിശോധിച്ചാല്‍ എല്ലാ കാലത്തും ഇത്തരം പ്രതിഷേധങ്ങളെ മുന്നില്‍ നിന്ന് നയിച്ചത് അതത് കാലത്തെ യുവാക്കളാണ്. എന്നാല്‍ ഇന്ന് ജെന്‍ സി നേരിടേണ്ടി വരുന്നത്ര അധിക്ഷേപങ്ങള്‍ ആ തലമുറകള്‍ നേരിട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ശരിയാണ്, ഈ കിഡ്സ് ഫ്രസ്ട്രേറ്റഡാണ്. തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ കിട്ടാതെയാകുമ്പോള്‍, ചൂഷണത്തിന് വിധേയരാകേണ്ടി വരുമ്പോള്‍, സന്തോഷങ്ങള്‍ ഇല്ലാതാകുമ്പോള്‍ ഈ കിഡ്സ് ഫ്രസ്ട്രേറ്റഡാണ്. ഈ ഫ്രസ്ട്രേഷൻ തന്നെയാണ് ഈ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജവും. ഇപ്പോള്‍ നേപ്പാളിലടക്കം നടക്കുന്ന ജെന്‍ സി പ്രതിഷേധത്തിന്റെ രീതിയില്‍ പലര്‍ക്കും എതിര്‍പ്പുണ്ടാകാം. പക്ഷേ, അവര്‍ക്ക് മറ്റ് വഴിയില്ലാത്ത രീതിയില്‍ അവരെ മാറ്റിയത് ഇതേ ഭരണകൂടങ്ങളും അധികാര സംവിധാനങ്ങളുമാണെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.

Content Highlights: Generation Z protests all over the world

dot image
To advertise here,contact us
dot image