
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. അടൂര്‍ കേന്ദ്രീകരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതിന്റെ തെളിവുകളാണ് ലഭിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ യഥാര്‍ത്ഥ കാര്‍ഡുകള്‍ ശേഖരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. കേസിലെ രണ്ടാംപ്രതി ബിനില്‍ ബിനുവാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍. തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കാന്‍ സഹായിച്ച നാല് പേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അശ്വന്ത് എസ് കുമാര്‍, ജിഷ്ണു ജെ നായര്‍, നൂബിന്‍ ബിനു, ചാര്‍ളി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതികള്‍.
യൂത്ത് കോണ്‍ഗ്രസിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ജില്ലാ ഉപാധ്യക്ഷന്മാരുമടക്കം ഏഴുപേര്‍ കേസിലെ പ്രതികളാണ്. ഇവരുടെ ഫോണുകളില്‍ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പരാമര്‍ശിച്ചതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിക്കുകയും ചെയ്തിരുന്നു.
ഏഴ് പ്രതികളുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ചേര്‍ത്തതിന്റെ വിവരങ്ങള്‍ ദേശീയ കമ്മിറ്റിയുടെ വെബ്‌സൈറ്റിലാണ്. സെര്‍വറിലുളള വിശദാംശങ്ങള്‍ കൈമാറാന്‍ ഇതുവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി തയ്യാറായിട്ടില്ല. അത് അന്വേഷണത്തില്‍ വലിയ വെല്ലുവിളിയായിട്ടുണ്ട്. സെര്‍വര്‍ പങ്കുവെച്ച് കഴിഞ്ഞാല്‍ രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിനായി അടൂരില്‍ മാത്രം യൂത്ത് കോണ്‍ഗ്രസ് നിര്‍മ്മിച്ചത് 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ചായിരുന്നു കാര്‍ഡ് നിര്‍മ്മാണം. വികാസ് കൃഷ്ണയെന്ന എഡിറ്ററുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷൻ എം ജെ രഞ്ജുവിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഗിള്‍ പേ വഴി പ്രതിദിനം 1,000 രൂപ വികാസ് കൃഷ്ണയ്ക്ക് നൽകിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറില്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുവെന്ന ആരോപണം വന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പരാതിയാണ് ഉയര്‍ന്നത്.
Content Highlights: Fake ID card case: Crime Branch has crucial evidence against Youth Congress leaders