
ആറ്റുനോറ്റിരുന്ന് ബ്രാന്‍ഡ് ന്യൂ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയതായിരുന്നു 29കാരിയായ മാനി പവാര്‍. പുതുതായി വാങ്ങുന്ന വാഹനം നിരത്തിലിറക്കും മുന്‍പ് എല്ലാവരും ചെയ്യുന്ന ചടങ്ങ് തനിക്കും ചെയ്യണമെന്ന് മാത്രമാണ് അവള്‍ ആഗ്രഹിച്ചത്. വാഹനത്തിന്റെ ചക്രത്തിനടിയില്‍ നാരങ്ങവച്ചുകൊണ്ട് വാഹനം ഷോറൂമില്‍ നിന്ന് നിരത്തിലേക്കിറങ്ങുന്ന ആ ചടങ്ങ്. അതിനായി വാഹനത്തില്‍ കയറിയിരുന്ന് ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തിയത് മാത്രമേ പക്ഷെ കക്ഷിക്ക് ഓര്‍മയുള്ളൂ. പിന്നെ കാണുന്നത് ഒന്നാംനിലയില്‍ നിന്ന് താഴേക്ക് പതിച്ച ഥാര്‍ വാഹനമാണ്. ഒന്നും രണ്ടുമല്ല 27 ലക്ഷമാണ് വാഹനത്തിന്റെ വിലയെന്ന് ഓര്‍ക്കണം.
ഡല്‍ഹിയിലെ നിര്‍മല്‍ വിഹാറില്‍ നിന്നുള്ള മഹീന്ദ്ര ഷോറൂമില്‍ നിന്നാണ് യുവതി 27 ലക്ഷം രൂപ വിലയുള്ള ഥാര്‍ ബുക്ക് ചെയ്തിരുന്നത്. വാഹനത്തിന്റെ ഡെലിവറിക്കെത്തിയ യുവതി ചടങ്ങുകള്‍ക്ക് ശേഷം വാഹനം പുറത്തിറക്കാന്‍ ഉള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായാണ് ഒന്നാംനിലയില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ചക്രത്തിനടിയില്‍ നാരങ്ങ വയ്ക്കുന്നത്.
വാഹനം സ്റ്റാര്‍ട്ടാക്കി പതിയെ മുന്നോട്ടുനീക്കി ആ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആക്‌സിലേറ്ററില്‍ കാല്‍ അമര്‍ത്തി പതിയുന്നത്. ഇതോടെ ഷോറൂമിലെ ഗ്ലാസ് തകര്‍ത്ത് കാര്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. വൈകാതെ താഴേക്ക് പതിക്കുകയും ചെയ്തു. തലകുത്തനെ മറിഞ്ഞു കിടക്കുന്ന പുത്തന്‍ ഥാറാണ് പിന്നീട് എല്ലാവരും കാണുന്നത്. യുവതിയും ഷോറൂമിലെ ജീവനക്കാരിലൊരാളും വാഹനത്തില്‍ ഉണ്ടായിരുന്നു.ഇരുവരെയും ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: Thar Flew Out Of Showroom's 1st Floor