
ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 2011 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തും നടനും കൂടിയായ ശങ്കര്‍ രാമകൃഷ്ണൻ. സഭാ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്നെ സംബന്ധിച്ചിടത്തോളം ഉറുമി നമ്മൾ മറന്നുപോയ മലയാളികൾക്ക് അറിയാമായിരുന്ന സംസ്‌കൃതിയെ പുനരുദ്ധരിക്കുക തിരിച്ചു കൊണ്ടുവരുക അതിന്റെ പിന്തുടർച്ചയായിട്ട് രണ്ട് സിനിമകൾ കൂടി മനസിലുണ്ട്. അതിൽ ഒന്നിന്റെ രചന പൂർത്തിയാക്കിയതേയുള്ളു. 12 വർഷത്തോളമായി അതിന്റെ പുറകിലാണ്. എഴുതി കഴിഞ്ഞു. ഇനി അത് സ്‌ക്രീനുകളിലേക്ക് എത്തിക്കുക എന്ന വലിയ ശ്രമത്തിലാണ് ഞാൻ.
ഉറുമി കഴിഞ്ഞതിന് ശേഷം 100 വർഷം കഴിജുള്ള കേരളം എന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ റിസർച്ച്, പ്രൊഡക്ഷൻ നടക്കുകയാണ്. വടകര ബേസ് ചെയ്ത് മലബാർ ആണ് ലൊക്കേഷൻ. 25 ഏക്കറിൽ അതിന്റെ ലാൻഡ്‌സ്‌കേപ് കണ്ടുവെച്ചിട്ടുണ്ട്. കഥാപാത്രങ്ങൾ, കോസ്റ്റ്യൂം കാര്യങ്ങളാണ് നടക്കുന്നത്. ആ സിനിമയുടെ പ്രോസസിലാണ് ഇപ്പോൾ, ശങ്കർ രാമകൃഷ്‌ണൻ പറഞ്ഞു.
പൃഥ്വിരാജിന് പുറമേ പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍. വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവച്ചില്ലെങ്കിലും സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിപ്പോഴും. സിനിമയിലെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ സൗത്ത് ഇന്ത്യൻ സിനിമകളിൽ തനിക്ക് ലഭിച്ച ശക്തമായ വേഷമായിരുന്നു അറക്കൽ ആയിഷ എന്ന് ജെനീലിയ പറഞ്ഞിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു.
Content Highlights: Shankar Ramakrishnan says that the second part of the movie Urumi is in the works