
പല തരം ഇന്‍ ചാര്‍ജുമാരെ പറ്റി നമ്മള്‍ കേട്ടിട്ടുണ്ടാവും അല്ലേ, പൊലീസ് ഇന്‍ ചാര്‍ജ്, ഡോക്ടര്‍ ഇന്‍ ചാര്‍ജ്, സെക്യൂരിറ്റി ഇന്‍ ചാര്‍ജ് എന്നിങ്ങനെ പല പേരുകളിൽ. എന്നാല്‍ നിങ്ങളൊന്നും കേള്‍ക്കാത്ത മറ്റൊരു ഇന്‍ചാര്‍ജ് കൂടിയുണ്ട്. 'വൈഫ് ഇന്‍ചാര്‍ജ്' ഈ പ്രത്യേക പദവി കണ്ടെത്തിയത് വേറെയാരുമല്ല സമസ്ത ഇ കെ വിഭാഗം നേതാന് സാക്ഷാല്‍ ബഹാഉദ്ദീന്‍ നദ്‌വി അവര്‍കള്‍ ആണ്.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാര്യ ഒന്നേ ഉള്ളുവെങ്കിലും പകരം വൈഫ് ഇന്‍ചാര്‍ജുകള്‍ പലതുണ്ടാവുമത്രേ… അങ്ങനെയില്ലാത്തവര്‍ കൈ ഉയര്‍ത്തട്ടെയെന്നായിരുന്നു ബഹാഉദ്ദീന്‍ നദ്വിയുടെ പ്രസംഗം. അല്ല ആരാണ് താങ്കള്‍ ഉദ്ദേശിക്കുന്ന ഈ 'വൈഫ് ഇന്‍ചാര്‍ജുകള്‍' ? ജനപ്രതിനിധികള്‍ക്കെല്ലാം അവിഹിത ബന്ധങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥാപിക്കാന്‍ താങ്കളാരാണ്?
ഇനി അങ്ങനെ പുരുഷ ജനപ്രതിനിധികളുടെ വൈഫ് ഇന്‍ ചാര്‍ജ് ആവുക എന്നതാണോ ഇവിടെയുള്ള സ്ത്രീകളുടെ പണി? വിവാഹം കഴിഞ്ഞ പുരുഷനെ തൃപ്തിപ്പെടുത്താനായി സ്ത്രീകള്‍ ഇന്‍ ചാര്‍ജുകളായി പ്രവര്‍ത്തിക്കുമെന്ന അത്രയും അശ്ലീലം നിറഞ്ഞ, സത്രീവിരുദ്ധമായ വഷളന്‍ പ്രസ്താവനയാണ് ഒരു സമുദായ നേതാവ് പരസ്യമായി പറഞ്ഞിരിക്കുന്നത്.
ബഹുഭാര്യത്വവും ശൈശവ വിവാഹവുമെല്ലാം സാധാരണമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി ബഹാഉദ്ദീന്‍ നദ്‌വി നടത്തിയ പരാമര്‍ശങ്ങളാണിതെല്ലാം. നാക്കിന് ലൈസന്‍സില്ലാതെ ശ്രീമാന്‍ നദ്‌വി പറഞ്ഞു കൂട്ടിയതില്‍ ഇനിയും കുറച്ച് കാര്യങ്ങള്‍ കൂടിയുണ്ട്. ഏതൊക്കെയാണെന്നോ, ഈ ആണുങ്ങളായാല്‍ ബഹുഭാര്യാത്വമൊക്കെ ചിലപ്പോള്‍ ഉണ്ടായെന്ന് വരും അതവരുടെ ഈ ഫിസിക്കല്‍ ഫിറ്റനസ് അനുസരിച്ചാണ്. ഫിസിക്കല്‍ ഫിറ്റനെസ് കൂടിയ പുരുഷന്മാര്‍ ചിലപ്പോള്‍ നാല് കെട്ടും അതിനിപ്പോ എന്താ? അതേ അതിനിപ്പോ എന്താ…? പക്ഷെ ഒരേ ഒരു ഡൗട്ട്… ഈ ഫിസിക്കല്‍ ഫിറ്റ്നെസുള്ള പെണുങ്ങള്‍ക്കും ഇങ്ങള്‍ ഈ പറഞ്ഞ പോലെ നാല് കെട്ടാലോ അല്ലേ…? അപ്പോ ഇങ്ങള്‍ കള്ളകളി എന്നുപറഞ്ഞ് വരാതിരുന്നാ മതിയാരുന്നു. ആ മഹാമനസകത നമ്മടെ പെണ്ണുങ്ങളോടൂടി കാണിക്കുമെല്ലോ അല്ലേ...?
ഇനി ബഹുഭാര്യത്വം, അവിടെ നിക്കട്ടെ സാറിന്റെ വേറെയൊരു കണ്ടുപിടുത്തം കൂടി കേട്ടിട്ട് പോകാം. നിങ്ങള്‍ക്ക് ഈ ഇഎംഎസിന്റെ മാതാവ് വിവാഹം കഴിച്ചത് 11 വയസിലാണെന്ന കാര്യം അറിയാവോ… അറിയില്ലേ ദാ ഇപ്പോ അറിഞ്ഞോ… ശ്രീമാന്‍ നദ്വി പറയുന്നത് 11-ാം വയസില്‍ കല്ല്യാണം കഴിച്ച ഇംഎസിന്റെ അമ്മയെ അന്ന് ആരും അവഹേളിച്ചിരുന്നിലല്ലോ എന്നാണ്. അത് അന്നത്തെ സാമൂഹിക രീതിയായിരുന്നുവത്രേ.. അതേ വളരെ ശരിയാണ് പക്ഷെ അതിവിടെ പറയാന്‍ കാര്യം. ? അന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായില്ലായെന്നത് കൊണ്ട് അത് ശരിയാണെന്നാണോ അതോ അതിന് സമാനമായ വിഷയങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തരുതെന്നോ…
നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്ന എല്ലാതരം നീചപ്രവണതകള്‍ക്കുമെതിരെ പോരാടിയും തിരുത്തിയും തന്നെയാണ് ഒരു ജനത എന്ന നിലയില്‍ നമ്മള്‍ മുന്നോട്ടുവന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ സ്വയം തീയിലേക്ക് എടുത്തു ചാടാന്‍ നിര്‍ബന്ധിതരായിരുന്ന നാടാണിത്. നദ്‌വിയുടെ ലോജിക്ക് വെച്ചാണെങ്കില്‍ അദ്ദേഹം അതിനെയും ന്യായീകരിച്ചെന്നും, ഇപ്പോഴും സ്ത്രീകളോട് ചിതയില്‍ ചാടാന്‍ പറഞ്ഞെന്നും വരും. എന്തായാലും നദ്‌വിയുടെ പ്രസംഗ ശകലങ്ങള്‍ കേള്‍ക്കുമ്പോള്‍ ഒന്നുറപ്പാണ്. കാലം മാറിയതും സമൂഹത്തിന്റെ ചിന്താധാരകളും നിയമങ്ങളും മാറിയതൊന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. പുരുഷനെ മാത്രം തൃപ്തിപ്പെടുത്തുന്ന ബഹുഭാര്യത്വം എന്ന സങ്കല്‍പ്പത്തെയും, മനുഷ്യാവകാശത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കിയ ശൈശവ വിവാഹത്തെയും ന്യായികരിക്കാന്‍ ചരിത്രത്തിന്റെ ഏതോ മൂലയില്‍ നിന്ന് ചില ഉദാഹരണങ്ങളും തോണ്ടിയെടുത്ത് വന്നിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്… കഴിയുമെങ്കില്‍ ആ ആറാം നൂറ്റാണ്ടില്‍ നിന്ന് വരുന്ന അടുത്ത സൂപ്പര്‍ ഫാസ്റ്റിന് കേറി ഇപ്പോഴത്തെ കാലത്തേക്ക് വരണമെന്ന് മാത്രം ഒരപേക്ഷയെ ഇപ്പോഴുള്ളൂ.
Content Highlights- Is it the job of women here to be the wives in charge of men? | Bahauddeen Nadwi