കസ്റ്റഡി മർദ്ദനത്തെ ന്യായീകരിച്ച് പോസ്റ്റ്; പങ്കുവെച്ചത് വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സസ്‌പെൻഷൻ നേരിട്ട എസ്ഐ

മാഹിന്‍ വിദ്യാര്‍ത്ഥിയെ സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

കസ്റ്റഡി മർദ്ദനത്തെ  ന്യായീകരിച്ച് പോസ്റ്റ്; പങ്കുവെച്ചത് വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സസ്‌പെൻഷൻ നേരിട്ട എസ്ഐ
dot image

ഇടുക്കി: കസ്റ്റഡി മര്‍ദ്ദനത്തെ ന്യായീകരിച്ച് പൊലീസുകാരന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ആവനാഴി സിനിമയില്‍ മമ്മൂട്ടി മോഷ്ടാവിനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പങ്കുവെച്ചായിരുന്നു പരിഹാസം. മറയൂര്‍ എസ് ഐ മാഹിന്‍ സലീമിന്റെതാണ് പോസ്റ്റ്. മുമ്പ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സസ്‌പെന്‍ഷന്‍ നേരിട്ട ആളാണ് മാഹിന്‍. മാഹിന്‍ വിദ്യാര്‍ത്ഥിയെ സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചുകയറ്റി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വീഡിയോ വെറുതെ പങ്കുവെച്ചതാണെന്നാണ് എസ്‌ഐയുടെ പ്രതികരണം.

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസ് മര്‍ദ്ദനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യാപകമായി ഉയരുകയാണ്. കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി സ്റ്റേഷനില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച വിഷയവും പുറത്തുവന്നിരുന്നു. പിന്നാലെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണവുമായി കോഴിക്കോട്ടെ പ്രാദേശിക മുസ്ലിം ലീഗ് നേതാവ് മാമുക്കോയയും രംഗത്തെത്തിയിരുന്നു. നിലവില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ വ്യാപക വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്.

എന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പഴയ പരാതികളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതെന്നായിരുന്നു മന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതൊന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞിരുന്നു. ലോക്കപ്പ് മര്‍ദ്ദനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്നും പൊലീസ് മര്‍ദ്ദനത്തിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ ഇല്ല, തനിക്കും പൊലീസ് മര്‍ദനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Post mocking custodial torture shared by SI who was suspended for beating student

dot image
To advertise here,contact us
dot image