ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; ഓണം പോലും മാറ്റിക്കളയുമെന്ന് മുഖ്യമന്ത്രി

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഫെഡറലിസത്തെ തകര്‍ക്കും എന്ന് മുഖ്യമന്ത്രി

ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും; ഓണം പോലും മാറ്റിക്കളയുമെന്ന് മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ഫെഡറലിസം തകര്‍ന്നാല്‍ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുമെന്നും ഇന്ത്യയുടെ ഫെഡറലിസം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറലിസത്തിനായി പോരാടിയ ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിലെ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഫെഡറലിസത്തെ തകര്‍ക്കും. ഫെഡറലിസത്തെ തകര്‍ക്കാന്‍ ചിലയിടങ്ങളില്‍ ഗവര്‍ണറെ ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതിയില്‍ കേന്ദ്രം കൈകടത്തുന്നു. കേരളത്തിന് അര്‍ഹതപ്പെട്ട നികുതി വരുമാനം കേന്ദ്രം നിഷേധിക്കുകയാണ്. ബദല്‍ മാര്‍ഗങ്ങളിലൂടെയാണ് സംസ്ഥാനത്തെ വികസനത്തിനായി പണം കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജിഎസ്ടി കൗണ്‍സിലിനെ അപ്രസക്തമാക്കി സ്വയം പ്രഖ്യാപനം നടത്തിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഓണം പോലും മാറ്റാന്‍ കേന്ദ്രം ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമ തകര്‍ക്കും. സംതൃപ്തമായ ഓണമാണ് ഇപ്പോള്‍ കണ്ടത്. ആ ഓണം പോലും മാറ്റിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന ചര്‍ച്ച നടക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഹിന്ദുരാഷ്ട്രമാക്കി രാജ്യത്തെ മാറ്റാന്‍ ശ്രമം നടക്കുകയാണ്. ആര്‍എസ്എസ് മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അതില്‍ നിന്നും രാഷ്ട്രീയനേട്ടങ്ങള്‍ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Content Highlights: Every vote given to BJP will destroy the uniqueness of Kerala Said CM PInarayi Vijayan

dot image
To advertise here,contact us
dot image