
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പടയോട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ യുഎഇയാണ് ഇന്ത്യയുടെ എതിരാളികള്‍. മത്സരഫലത്തേക്കാള്‍ ഇന്ത്യയുടെ ആദ്യ പ്ലേയിങ് ഇലവന്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ മത്സരത്തിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
യുഎഇക്കെതിരായ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തരുതെന്നാണ് അജയ് ജഡേജ പറയുന്നത്. യുഎഇക്കെതിരെ പോലും ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ ബുംറയെ ഇറക്കണമെന്ന് പറയുന്നതിന്റെ ലോജിക് അജയ് ജഡേജ ചോദ്യം ചെയ്തു. ഇന്ന് ബുംറയെ ഇറക്കിയാല്‍ താന്‍ സമരം ചെയ്യുമെന്നും അജയ് ജഡേജ പറഞ്ഞു.
'യുഎഇക്കെതിരെ ബുംറയെ കളിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ്? സാധാരണ എല്ലാവരും ബുംറയെ പഞ്ഞിക്കെട്ടില്‍ പൊതിഞ്ഞ് സൂക്ഷിക്കുകയാണല്ലോ ചെയ്യാറുള്ളത്. ഇപ്പോള്‍ യുഎഇക്കെതിരെ പോലും ജയിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആവശ്യമുണ്ടോ? നിങ്ങള്‍ക്ക് ബുംറയെ പരിക്കില്‍ നിന്ന് സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഇതുപോലുള്ള ചെറിയ മത്സരങ്ങളില്‍ അദ്ദേഹത്തെ ഇറക്കാതിരിക്കുക. അതാണ് ലോജിക്. പക്ഷേ നമ്മള്‍ ഒരിക്കലും യുക്തി നോക്കി ഒന്നും ചെയ്യാറില്ല. ബുംറ ഇന്ന് കളിച്ചാല്‍ ഞാന്‍ സമരത്തിനിറങ്ങും', സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ സംസാരിക്കവേ അജയ് ജഡേജ പറഞ്ഞു.
Ajay Jadeja threatens to go on a strike if Jasprit Bumrah plays against UAE tonight! 😅#AsiaCup2025 #INDvUAE #JaspritBumrah pic.twitter.com/u1zMi779s3
— Circle of Cricket (@circleofcricket) September 10, 2025
ഇന്ത്യയുടെ പേസ് കുന്തമുനയായ ബുംറയുടെ ജോലിഭാരം കണക്കിലെടുത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് അദ്ദേഹത്തെ കളിപ്പിച്ചത്. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ടെസ്റ്റുകളില്‍ മാത്രം കളിക്കാന്‍ കളിക്കാരെ അനുവദിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുംറയ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത്.
2024 ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ചതിന് ശേഷം ബുംറ ഒരു ടി20 പോലും കളിച്ചിട്ടില്ല. സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബുംറയുടെ പ്രകടനവും മികച്ച പ്രകടനവുമാണ് അദ്ദേഹത്തെ 'പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ്' ആയി തിരഞ്ഞെടുത്തത്. അതിനുശേഷം ബുംറ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ബുംറയുടെ ജോലിഭാരം നിയന്ത്രിക്കപ്പെട്ടു. പുറംവേദന കാരണം 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു, 2025 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സമയത്ത് അദ്ദേഹം വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
Content Highlights: Ajay Jadeja says there is no need to play Jasprit Bumrah against UAE