സിപിഐയ്ക്ക് മുൻ വർഷത്തെ അപേക്ഷിച്ച് മെമ്പർഷിപ്പിൽ കുറവ്; ഏറ്റവും കൂടുതൽ അംഗങ്ങൾ കൊല്ലത്ത്, കുറവ് വയനാട്ടിൽ

ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പാർട്ടി മെമ്പർഷിപ്പ് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്

സിപിഐയ്ക്ക് മുൻ വർഷത്തെ അപേക്ഷിച്ച് മെമ്പർഷിപ്പിൽ കുറവ്; ഏറ്റവും കൂടുതൽ അംഗങ്ങൾ കൊല്ലത്ത്, കുറവ് വയനാട്ടിൽ
dot image

ആലപ്പുഴ: മുൻവർഷങ്ങളെ അപേക്ഷിച്ച് സിപിഐയുടെ സംസ്ഥാനത്തെ മെമ്പർഷിപ്പിൽ കുറവുണ്ടായതായി സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്. 2022ൽ പൂർണ്ണ മെമ്പർമാരും കാൻഡിഡേറ്റ് അം​ഗങ്ങളും അടക്കം സിപിഐയുടെ ആകെ മെമ്പർഷിപ്പ് 1,77,122 ആയിരുന്നു. 2023ൽ ഇത് 1,79,625 ആയി വർദ്ധിച്ചിരുന്നു. എന്നാൽ 2024ൽ പാർട്ടി മെമ്പർഷിപ്പ് 1,63,572 ആയി കുറഞ്ഞെന്നാണ് സിപിഐയുടെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2024ലെ മെമ്പർഷിപ്പ് പ്രകാരം സിപിഐയ്ക്ക് ഏറ്റവും കുടുതൽ അം​ഗത്വമുള്ളത് കൊല്ലം ജില്ലയിലാണ്. 32,176 അംഗങ്ങളാണ് ഇവിടെ സിപിഐയ്ക്കുള്ളത്. തിരുവനന്തപുരം 20,878, ആലപ്പുഴ18,845, തൃശ്ശൂ‍ർ 17,827 എറണാകുളം 13,048, ഇടുക്കി 11.589, കോട്ടയം 10,810 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ മെമ്പർഷിപ്പുള്ള ജില്ലകൾ തിരിച്ചുള്ള കണക്ക്. ഏറ്റവും കുറവ് മെമ്പർഷിപ്പ് വയനാട് ജില്ലയിലാണ്. 2,402 അം​ഗങ്ങളാണ് വയനാട്ടിൽ സിപിഐയ്ക്കുള്ളത്. 2025ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ സ്ക്രൂട്ടിണി പൂർത്തിയായി വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025ൽ മെമ്പർഷിപ്പ് 167166 ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2022ൽ സിപിഐയ്ക്ക് സംസ്ഥാനത്ത് 11,325 ബ്രാഞ്ചുകൾ ഉണ്ടായിരുന്നത് 2024ൽ 11,149 ആയി കുറഞ്ഞെന്ന് റിപ്പോർ‌ട്ട് വ്യക്തമാക്കുന്നുണ്ട്. 2022ൽ 1,144 ലോക്കൽ കമ്മിറ്റികളും 180 മണ്ഡലം കമ്മിറ്റികളും സിപിഐയ്ക്ക് ഉണ്ടായിരുന്നു. 2024ൽ 1,275 ലോക്കൽ കമ്മിറ്റികളും 182 മണ്ഡലം കമ്മിറ്റികളും ഉണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 1,1149 ബ്രാഞ്ച് സമ്മേളനങ്ങളും 1,275 ലോക്കൽ സമ്മേളനങ്ങളും 182 മണ്ഡലം സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയായെന്ന് റിപ്പോ‍ർ‌ട്ടിൽ പറയുന്നു. 5 മണ്ഡ‍ലം സമ്മേളനങ്ങളിൽ സമവായശ്രമം പൂർണ്ണമായും വിജയിക്കാതെ പോയെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഹിന്ദുത്വ ആശയം കേരളത്തിലും ശക്തിപ്പെടുന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്. തൃശ്ശൂരിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയവും ചില അസംബ്ലി നിയോജക മണ്ഡലങ്ങളിൽ അവർക്ക് ലഭിച്ച മുൻകൈയും കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രം​ഗത്ത് വന്ന നിഷേധാത്മക മാറ്റമാണെന്നും സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ വളർന്ന് വരുന്ന രാഷ്ട്രീയ സാഹചര്യം ​ഗൗരവമായി വിലയിരുത്തേണ്ടതായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തന റിപ്പോർട്ടിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർ​ഗീയതയെക്കുറിച്ച് പരാമർശം. ദേശീയാടിസ്ഥാനത്തിൽ മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള ബോധം ജനങ്ങളിൽ ശക്തിപ്പെടുത്താനാണ് സംഘപരിവാർ സംഘടനകൾ പരിശ്രമം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇസ്ലാമിക തീവ്ര വർ​ഗീയ ശക്തികളും കാസയും വർ​ഗീയ ചേരി ഉണ്ടാക്കാനായി ശ്രമം നടത്തുന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മു​ദ്രാവാക്യം രാജ്യത്ത് ഉയർത്തുന്ന ശക്തികൾ ഉണ്ട്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ വർ​ഗീയ ശക്തികളുടെ ലക്ഷ്യവും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർ​ഗീയതയ്ക്കെതിരായ ശക്തമായ പോരാട്ടമായ നാം നടത്തേണ്ടത്. കഴിഞ്ഞ കുറേ വർഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തിൽ വർ​ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാര ക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഒരു നിമയനിർമ്മാണത്തിന് ഇനിയും അമാന്തിച്ച് കൂടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് ആലപ്പുഴയിൽ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. 43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്.

Content Highlights: CPI has a decrease in membership compared to the previous year

dot image
To advertise here,contact us
dot image