
ആലപ്പുഴ: ഹിന്ദുത്വ ആശയം കേരളത്തിലും ശക്തിപ്പെടുന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. തൃശ്ശൂരിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയവും ചില അസംബ്ലി നിയോജക മണ്ഡലങ്ങളിൽ അവർക്ക് ലഭിച്ച മുൻകൈയും കേരളത്തിൻ്റെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വന്ന നിഷേധാത്മക മാറ്റമാണെന്നും സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിൽ വളർന്ന് വരുന്ന രാഷ്ട്രീയ സാഹചര്യം ഗൗരവമായി വിലയിരുത്തേണ്ടതായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രവർത്തന റിപ്പോർട്ടിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെക്കുറിച്ച് പരാമർശം. ദേശീയാടിസ്ഥാനത്തിൽ മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി ഹിന്ദുത്വ അടിസ്ഥാനത്തിലുള്ള ബോധം ജനങ്ങളിൽ ശക്തിപ്പെടുത്താനാണ് സംഘപരിവാർ സംഘടനകൾ പരിശ്രമം നടത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേരളത്തിലെ ജനങ്ങളിൽ പൊതുവായി ഉയർന്നുവന്ന ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ ബോധം നവോത്ഥാന പ്രസ്ഥാനത്തിൻ്റെ തുടർച്ചയായി ഉണ്ടായതാണ്. അത്തരം ചിന്താഗതിയിലുള്ള ജനങ്ങളിൽ സംഘപരിവാർ സംഘടനകൾക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ജനങ്ങളിലുള്ള മതനിരപേക്ഷ ബോധത്തെ ഇല്ലാതാക്കി ഹിന്ദുത്വാടിസ്ഥാനത്തിലുള്ള ചിന്താഗതി ജനങ്ങളിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമം ആണ് നടത്തുന്നത്. ആസൂത്രിതമായ ആശയതലത്തിലുള്ള ഇടപെടലിലൂടെയാണ് അവർ മുന്നോട്ട് പോകുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇസ്ലാമിക തീവ്ര വർഗീയ ശക്തികളും കാസയും വർഗീയ ചേരി ഉണ്ടാക്കാനായി ശ്രമം നടത്തുന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം രാജ്യത്ത് ഉയർത്തുന്ന ശക്തികൾ ഉണ്ട്. ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ തുടങ്ങിയ വർഗീയ ശക്തികളുടെ ലക്ഷ്യവും മതപരമായ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കെതിരായ ശക്തമായ പോരാട്ടമായ നാം നടത്തേണ്ടത്. കഴിഞ്ഞ കുറേ വർഷമായി കേരളത്തിലെ ജനങ്ങളുടെ ബോധത്തിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്ന് വരുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആഭിചാര ക്രിയകളും നിരോധിച്ചുകൊണ്ടുള്ള ഒരു നിമയനിർമ്മാണത്തിന് ഇനിയും അമാന്തിച്ച് കൂടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് ആലപ്പുഴയിൽ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. 43 വർഷത്തിനുശേഷമാണ് ആലപ്പുഴ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വേദിയാവുന്നത്.
Content Highlights: Hindutva ideology is strengthening in Kerala CPI report criticizes Jamaat-e-Islami and CASA