'എത്ര കിട്ടി, 5 ലക്ഷം..'; ദിനേശിന് പണം നൽകിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഔസേപ്പ്, സിസിടിവി ദൃശ്യം പുറത്ത്

പീച്ചി സ്റ്റേഷനിലെ സിപിഒ എത്ര കിട്ടി എന്ന് ചോദിക്കുന്നതിനോട് 5 ലക്ഷം കിട്ടിയെന്നാണ് ദിനേശ് മറുപടി നൽകുന്നത്

'എത്ര കിട്ടി, 5 ലക്ഷം..'; ദിനേശിന് പണം നൽകിയത് പൊലീസിന്‍റെ അറിവോടെയെന്ന് ഔസേപ്പ്, സിസിടിവി ദൃശ്യം പുറത്ത്
dot image

തൃശൂർ: പീച്ചി പൊലീസ് സ്റ്റേഷൻ മർദ്ദനവുമായി ബന്ധപ്പെട്ട് ദിനേശിന് പണം നൽകിയത് പൊലീസിന്റെ അറിവോടെയെന്ന് ഹോട്ടൽ ഉടമ കെ പി ഔസേപ്പ്. ദിനേശ് 5 ലക്ഷം രൂപ വാങ്ങിയത് പൊലീസിന്റെ അറിവോടെയെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഔസേപ്പ് പുറത്തുവിട്ടു. പീച്ചി സ്റ്റേഷനിലെ സിപിഒ മഹേഷ് എത്ര കിട്ടി എന്ന് ചോദിക്കുന്നതിനോട് 5 ലക്ഷം കിട്ടിയെന്നാണ് ദിനേശ് മറുപടി നൽകുന്നത്. പൈസ സൂക്ഷിച്ച് കൊണ്ടുപോകണമെന്ന് മഹേഷ് മുന്നറിയിപ്പ് നൽകുന്നുണ്ട് എന്നും ഔസേപ്പ് വ്യക്തമാക്കി.

2023 മെയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ലാലീസ് ഹോട്ടലിന്റെ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ മാനേജര്‍ റോണി ജോണ്‍ എന്നിവരെയായിരുന്നു അന്ന് പീച്ചി എസ്‌ഐ ആയിരുന്ന രതീഷ് മര്‍ദ്ദിച്ചത്. സംഭവ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പാലക്കാട് വണ്ടാഴി സ്വദേശി ദിനേശ് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ദിനേശന്റെ സഹോദരീപുത്രന് ബിരിയാണി ഇഷ്ടപ്പെടാത്തതും ഇത് ചോദ്യം ചെയ്തതുമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ല. ഇതോടെ റോണിയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പും പീച്ചി പൊലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കി. ഈ സമയം ദിനേശും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു എന്നായിരുന്നു ദിനേശിന്റെ പരാതി. ഇതോടെ റോണിയെയും ലിതിനെയും എസ്‌ഐയായിരുന്ന രതീഷ് തടഞ്ഞുവെയ്ക്കുകയും ഫ്‌ളാസ്‌ക് ഉപയോഗിച്ച് അടിക്കാന്‍ ഓങ്ങുകയും ചെയ്തു.

ഇതിന് പിന്നാലെ വിവരം അറിഞ്ഞ് ഔസേപ്പും മകന്‍ പോളും സ്‌റ്റേഷനിലെത്തി. ഇതോടെ എസ്‌ഐ അവര്‍ക്ക് നേരെ തിരിഞ്ഞു. ഔസേപ്പിനെയും പോളിനെയും മര്‍ദ്ദിച്ച എസ്‌ഐ ഭീഷണിപ്പെടുത്തുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ദിനേശിന്റെ സഹോദരീപുത്രന് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്‌സോ കേസും ചുമത്തുമെന്നായിരുന്നു എസ്‌ഐയുടെ ഭീഷണി. ഇതോടെ ഔസേപ്പ് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. ഇതനുസരിച്ച് ദിനേശിനോട് സംസാരിച്ചപ്പോള്‍ അഞ്ച് ലക്ഷം രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഔസേപ്പ് ദിനേശിന് പണം കൈമാറിയിരുന്നു. എന്നാല്‍ ഔസേപ്പ് പണം നൽകിയിട്ടില്ലെന്നായിരുന്നു ദിനേശിന്റെ വാദം. ഔസേപ്പ് തല്ലിച്ചതച്ചതായും ദിനേശ് ആരോപിച്ചു. എന്നാൽ താൻ നിരപരാധിയെന്നായിരുന്നു തുടക്കം മുതലുള്ള ഔസേപ്പിന്റെ വാദം. തന്റെ നിരപരാധിത്വം തെളിയിക്കാൻ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഔസേപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് നൽകാൻ കൂട്ടാക്കിയിരുന്നില്ല. വിവരാവകാശ നിയമപ്രകാരം നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഔസേപ്പിന് ദൃശ്യങ്ങൾ ലഭ്യമായത്. ഇത് പുറത്തുവന്നതോടെയാണ് പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനം പുറംലോകമറിയുന്നത്.

Content Highlights: Peechi Police Station assault; KP Ousep says he paid Dinesh with the police's knowledge, cctv footage out

dot image
To advertise here,contact us
dot image