'നാരായണ ഗുരുവിനെ ഓർക്കാൻ ബിജെപിക്ക് മുഖംമൂടി വേണം'; ബിനോയ് വിശ്വം

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരിച്ചുവരാന്‍ കൊതിക്കുന്ന ബിജെപി മനുസ്മൃതിയുടെ പ്രേതങ്ങള്‍ക്ക് പുനര്‍ജന്മം കൊടുക്കാന്‍ നോമ്പുനോറ്റ് ഇരിക്കുന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു

'നാരായണ ഗുരുവിനെ ഓർക്കാൻ ബിജെപിക്ക് മുഖംമൂടി വേണം'; ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ ഓര്‍ക്കാന്‍ ബിജെപിക്ക് മുഖം മൂടി വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശ്രീനാരായണ ഗുരു വിളിച്ചുചേര്‍ത്ത സര്‍വ്വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലുവ അദ്വൈത ആശ്രമത്തില്‍വെച്ച് അനുസ്മരിച്ചത് ഏതെങ്കിലും അപരനാമത്തിലായിരുന്നില്ലെന്നും സമസ്തഹിന്ദു വര്‍ത്തമാനം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപിക്ക് സാമൂഹ്യ നവോത്ഥാനത്തിന്റെ മഹാനായകരെല്ലാം വോട്ട് രാഷ്ട്രീയത്തിന്റെ ചവിട്ടുപടി മാത്രമാണ്, അതുകൊണ്ട് ശ്രീനാരായണ ഗുരുവിനെ അനുസ്മരിക്കാന്‍ അവര്‍ക്ക് ഒബിസി മോര്‍ച്ചയുടെ മുഖംമൂടി വേണ്ടിവരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരിച്ചുവരാന്‍ കൊതിക്കുന്ന ബിജെപി മനുസ്മൃതിയുടെ പ്രേതങ്ങള്‍ക്ക് പുനര്‍ജന്മം കൊടുക്കാന്‍ നോമ്പുനോറ്റ് ഇരിക്കുന്നവരാണെന്നും ദൈവങ്ങളെയും വിശ്വാസങ്ങളെയും നവോത്ഥാന നായകരെയും നോക്കി അവര്‍ പറയുന്നത് 'ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം വോട്ട്' എന്ന് തന്നെയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ദിവസം കഴിയുംതോറും ബിജെപിയുടെ തനിനിറം പുറത്തുവരുമെന്നും ചിന്താശേഷിയുളള ജനങ്ങള്‍ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പാര്‍ട്ടി കൗണ്‍സില്‍ നേരിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ മഹാത്മാഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധിയെയും അദ്വൈത ആശ്രമത്തിലെ സന്യാസിശ്രേഷ്ഠന്‍മാരെയും പാര്‍ട്ടി ക്ഷണിച്ചത് സ്വന്തം പേരില്‍ തന്നെയായിരുന്നെന്നും മുവായിരത്തില്‍ പരം പാര്‍ട്ടി സഖാക്കളും അനുഭാവികളും ആ മഹത്തായ സ്മരണയില്‍ പങ്കെടുത്തെന്നും ബിനോയ് വിശ്വം പറഞ്ഞു.

'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ, നമുക്ക് ജാതിയില്ലാ വിളംബരം നടത്തിയ, വിദ്യ കൊണ്ട് പ്രബുദ്ധരാകാും സംഘടന കൊണ്ട് ശക്തരാകുവാനും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണുന്നത് കേരളത്തിലെ നവോത്ഥാനത്തിന്റെ വഴികാട്ടിയായിട്ടാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന പരിവര്‍ത്തന മൂല്യങ്ങളുടെ ആദ്യ പഥികരില്‍ അദ്ദേഹത്തിന്റെ പേര് എന്നും ജ്വലിച്ചുനില്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. 'മഹാന്മാരായ അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും പണ്ഡിറ്റ് കറുപ്പനും എല്ലാം ആ നിരയിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. അവരോടെല്ലാം സ്വന്തം പേര് ചേര്‍ത്ത് പിടിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനമേയുളളു': ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Content Highlights: BJP needs a face mask to remember Sree Narayana Guru: Binoy Viswam

dot image
To advertise here,contact us
dot image