
ഏഷ്യാ കപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ. അർഹിച്ച അവസരം ലഭിക്കാതെ വരുമ്പോൾ നിരാശയുണ്ടാകുമെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. എങ്കിലും ഇന്ത്യ വിജയിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ശ്രേയസ് പ്രതികരിച്ചു.
'ഇന്ത്യൻ ടീമിൽ സ്ഥാനത്തിന് അർഹതയുണ്ടെന്നും എന്നാൽ അത് ലഭിക്കാതെ വരികയും ചെയ്യുമ്പോൾ നിരാശ തോന്നും. എങ്കിലും മറ്റൊരാൾ ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ചാൽ എല്ലാവരും ആര താരത്തെ ഇഷ്ടപ്പെടും. ടീം വിജയിക്കുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അപ്പോൾ എല്ലാവരും സന്തോഷത്തിലാകും.' ശ്രേയസ് അയ്യർ ഐക്യൂഒഒ സ്പോർട്സ് പോഡ്കാസ്റ്റിനോട് പ്രതികരിച്ചു.
'ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും അതിനായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ചിലപ്പോൾ നമ്മുടെ കഠിനാദ്ധ്വാനം ആരും കാണുന്നുണ്ടാകില്ല. എങ്കിലും അത് ചെയ്തുകൊണ്ടിരിക്കണം.' ശ്രേയസ് വ്യക്തമാക്കി.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. റിസർവ് താരങ്ങളുടെ പട്ടികയിൽ പോലും അയ്യരെ ഉൾപ്പെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവെക്കുന്നത്. ഇത്തവണ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനായി ക്യാപ്റ്റനും ബാറ്ററുമായി മികച്ച പ്രകടനവും ശ്രേയസ് പുറത്തെടുത്തിരുന്നു.
2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചത് ശ്രേയസ് അയ്യരിന്റെ നേതൃത്വത്തിലാണ്. ഈ വർഷത്തെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ ഫൈനലിൽ എത്തിച്ചതും അയ്യർ ആയിരുന്നു. ബാറ്റിംഗിൽ, 50.33 ശരാശരിയിലും 175.07 സ്ട്രൈക്ക് റേറ്റിലും ശ്രേയസ് 604 റൺസാണ് ഐപിഎല്ലിൽ അടിച്ചുകൂട്ടിയത്.
Content Highlights: Shreyas Iyer calls Asia Cup omission “frustrating”