
തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മർദ്ദന ആരോപണങ്ങളിൽ പ്രതികരിച്ച് ഡിവൈഎസ്പി എം ആർ മധുബാബു രംഗത്ത്. ആരോപണങ്ങൾക്ക് പിന്നിൽ മേല്‍ ഉദ്യോഗസ്ഥനെന്ന് സൂചന നൽകിയാണ് മധുബാബുവിന്റെ ഫേസ്ബുക്ക് പ്രതികരണം. തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്ന് വ്യക്തമാക്കി മധുബാബു ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. വിരോധികളെ കണ്ടെത്തി ഒരു കുടക്കീഴിൽ എത്തിക്കുന്നത് 'ഏമാൻ' ആണ്. റിട്ടയർമെന്റിന് ശേഷം ഏമാന് ഇവന്റ് മാനേജ്‌മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നാണ് മധുബാബുവിന്റെ പരിഹാസം.
'ഓരോരുത്തരെയായി ഘട്ടംഘട്ടമായി രംഗത്തിറക്കുന്നു… ഇന്നും നാളെയുമായി രംഗത്ത് വരാൻ അണിയറയിൽ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും. എന്തായാലും കലവൂരാന്റെ പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി ഒരുകുടക്കീഴിലെത്തിയ്ക്കുന്ന കോർഡിനേറ്റർ ഏമാന് റിട്ടയർമെന്റിന് ശേഷം ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് തുടങ്ങുകയാണ് പറ്റിയ പണി' എന്നാണ് മധുബാബു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
അതേസമയം മധുബാബു തൊടുപുഴ സ്വദേശി മുരളിധരനെ മർദ്ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദരേഖ ഇന്ന് റിപ്പോർ പുറത്തുവിട്ടിരുന്നു. 2022 ഡിസംബറിൽ നടന്ന സംഭവത്തിന്റെ തെളിവായിരുന്നു ഇത്. പരാതിക്കാരനെ മധുബാബു അസഭ്യം പറയുന്നതും ആക്രാശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമായിരുന്നു. തെറ്റ് ചെയ്തില്ലെന്ന് മുരളീധരൻ പറയുമ്പോഴാണ് മധുബാബു കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയത്. കസേരയിലിരുന്ന മുരളീധരനെ ചവിട്ടിവീഴ്ത്തിയ അദ്ദേഹം രണ്ട് കൈകൾ ചേർത്ത് മുഖത്തും ചെവിക്കും അടിക്കുകയും ചെയ്തിരുന്നു.
അതേസമയം എസ് ഐ ആയിരുന്നപ്പോൾ മധുബാബു മുൻ ബി എസ് എഫ് ജവാനെയും പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചതായും പരാതിയുണ്ട്. ചേർത്തല സ്വദേശി സുബൈറാണ് പരാതിക്കാരൻ. 2006 ജനുവരിയിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽവെച്ചാണ് മധുബാബുവിന്റെ മർദ്ദനമേറ്റത്. ഭാര്യയുടെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും സുബൈർ ആരോപിച്ചിരുന്നു.
കോന്നി എസ് ഐ ആയിരുന്ന സമയത്ത് മധുബാബു മർദിച്ചതായി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട് വെളിപ്പെടുത്തിയിരുന്നു. മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ ചെയ്തുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു.
ഈ സംഭവത്തിൽ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ എസ്പി ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ടും പുറത്തുവന്നിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കർ ഡിജിപിക്ക് അയച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. പരാതിക്കാരൻ ജയകൃഷ്ണനെ മധുബാബു ക്രൂരമായ ദേഹോപദ്രവം ഏൽപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ പരാതിക്കാരന്റെ മുഖത്തും മറ്റും പരിക്കേറ്റിരുന്നതായി വ്യക്തമാണ്. പരാതിക്കാരൻ കുറച്ചുനാൾ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: DySP M R Madhubabu responds to custodial torture allegations against him