അർജൻ്റീനയുടെ എതിരാളികളെ ഉടനറിയാം; എഎഫ്എ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി

എഎഫ്എ ആസ്ഥാനത്ത് വെച്ചാണ് അസോസിയേഷൻ പ്രസിഡൻ്റ് ക്ലോഡിയോ ഫാബിയാൻ ടാപിയയുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാൻ റോജി അഗസ്റ്റിനും എംഡി ആന്റോ അഗസ്റ്റിനുമാണ് ചർച്ച നടത്തിയത്

അർജൻ്റീനയുടെ എതിരാളികളെ ഉടനറിയാം; എഎഫ്എ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി
dot image

ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയും അർജന്റീന ടീമും നവംബർ‌ 10 മുതൽ 18വരെയുള്ള തീയതികളിൽ കേരളത്തിൽ എത്താനിരിക്കെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജ്മെന്റ്. എഎഫ്എ ആസ്ഥാനത്ത് വെച്ചാണ് അസോസിയേഷൻ പ്രസിഡൻ്റ് ക്ലോഡിയോ ഫാബിയാൻ ടാപിയയുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ചെയർമാൻ റോജി അഗസ്റ്റിനും എംഡി ആന്റോ അഗസ്റ്റിനുമാണ് ചർച്ച നടത്തിയത്. ടീം കേരളത്തിലെത്തുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ കാര്യങ്ങളിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡ‍ൻ്റുമായി ചർച്ച ചെയ്തു.

അർജൻ്റീനയുടെ കേരളത്തിലെ എതിരാളികൾ ആരാണെന്നത് സംബന്ധിച്ചുള്ള തീരുമാനവും ഉടനറിയാം. ബ്രസീൽ, ഓസ്ട്രേലിയ, സൗദി അറേബ്യ, മൊറോക്കോ അടക്കമുള്ള ടീമുകളാണ് പരി​ഗണനയിലുള്ളത്. മത്സരക്രമം സംബന്ധിച്ച പ്രഖ്യാപനവും ഉടൻ ഉണ്ടാകും. കാര്യവട്ടം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. മെസി ഉൾപ്പെടുന്ന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് ആ​ഗസ്റ്റ് 23നായിരുന്നു അർജൻ്റീന അസോസിയേഷൻ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. നവംബർ 10 നും 18നും ഇടയിലുള്ള തീയതികളിൽ മെസി അടങ്ങുന്ന അ‍‌ർജൻ്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്നായിരുന്നു എഎഫ്എയുടെ അറിയിപ്പ്.

2024 സെപ്റ്റംബർ ഇരുപത്തിനാലിനാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തർ ലോകകപ്പിൻ്റെ സമയത്ത് തങ്ങൾക്കായി ആർത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അർജൻ്റീനയുടെ ദേശീയ ടീം കേരളത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാൻ വ്യക്തമാക്കിയിരുന്നു. ഓൺലൈൻ മീറ്റിംഗിലൂടെ വിശദമായ ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു. അർജൻ്റീന ദേശീയ ടീമിൻ്റെ ഇൻ്റർനാഷണൽ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാൻ അടക്കമുള്ള പ്രതിനിധികളായിരുന്നു ആ ചർച്ചയിൽ പങ്കെടുത്തത്. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജൻ്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഈ യോ​ഗത്തിൽ ചർച്ച ചെയ്തിരുന്നു. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും മന്ത്രി അറിയിച്ചിരുന്നു.

ലയണൽ മെസി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അർജൻ്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സർക്കാർ സ്‌പോൺസർമാരെ അന്വേഷിച്ചതോടെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അർജന്റീന ഫുട്‌ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്‌പോൺസർ ആയി നിയോഗിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബർ 20ന് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പിട്ടു.

ഇതിന് പിന്നാലെ മെസിയും സംഘവും കേരളത്തിലേയ്ക്ക് വരില്ലെന്ന വിവിധ ഘട്ടങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഒടുവിൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാർ പ്രകാരം മെസി അടങ്ങുന്ന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് എഎഫ്എ പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Reporter Broadcasting Company Management meets with Argentinian Football Association President

dot image
To advertise here,contact us
dot image