
കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തിൽ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാൽ കല്ലിനും മണ്ണിനുമിടയിൽ കുടുങ്ങി പോയ പല സ്ത്രീകളെയും പുറത്തെത്തിക്കാൻ ആളില്ലാതെ പോയെന്നാണ് റിപ്പോർട്ട്. പുരുഷന്മാരായ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരില്‍ ചിലർ വസ്ത്രങ്ങളിലും മറ്റും പിടിച്ചാണ് പല സ്ത്രീകളുടെയും മൃതശരീരങ്ങൾ പുറത്തെടുത്തത്. പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന നിയമം അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.
താലിബാൻ ഭരണത്തിന് കീഴിലുള്ള അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന ലിംഗവിവേചനം പ്രകൃതിദുരന്തത്തെക്കാൾ വലിയ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തനത്തിന് ഉണ്ടാക്കിയത്. കഴിഞ്ഞ നാലു വർഷമായി കർശനമായ നിയന്ത്രണങ്ങളാണ് രാജ്യത്തെ സ്ത്രീകൾ നേരിടുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നും എന്തെങ്കിലും സഹായം വേണമെന്ന് ചോദിച്ച് ആരും അവരെ സമീപിച്ചതുപോലുമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനം ഉണ്ടായി മുപ്പത്തിയാറ് മണിക്കൂറിന് ശേഷമാണ് തങ്ങളുടെ പ്രവിശ്യയിൽ രക്ഷാപ്രവർത്തനം നടത്താനെത്തിയവരെ കാണാൻ സാധിച്ചതെന്ന് ദുരന്തബാധിതയായ ബിബി ഐഷ എന്ന യുവതിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എത്തിയ സംഘം പരിക്കേറ്റ പുരുഷന്മാരെയും കുട്ടികളെയും രക്ഷപ്പെടുത്തുമ്പോഴും സ്ത്രീകളെ ഒഴിവാക്കി, പരിക്കേറ്റ പലരും രക്തംവാർന്ന് അവശനിലയിലായിരുന്നു അപ്പോഴെന്നും ഐഷ പറയുന്നു. സ്ത്രീകളെല്ലാം അദൃശ്യരാണെന്ന നിലയിലായിരുന്നു രക്ഷാപ്രവർത്തകരുടെ പ്രവർത്തനമെന്നാണ് ആക്ഷേപം ഉയരുന്നത്.
2200 പേർ മരിച്ചപ്പോൾ 3600 പേർക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. താലിബാൻ ഭരണത്തിൽ എല്ലാ സ്വാതന്ത്ര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് സ്ത്രീകൾ അഫ്ഗാനിസ്ഥാനിൽ കഴിയുന്നത്. ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് പഠിക്കാനുള്ള അവസരം പോലും ഇല്ലാതാക്കിയിരിക്കുകയാണ്.
Content Highlights: skin contact is not allowed, women not rescued from rubbles in earthquake hit Afghanistan