
പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനുള്ളില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊലീസ് കേസെടുത്തു. പുതുനഗരം പൊലീസാണ് കേസെടുത്തത്. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിനും ഉപയോഗിച്ചതിനുമാണ് കേസെടുത്തത്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് വകുപ്പുകള്‍ ചുമത്തി. നിലവില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറില്‍ താമസിക്കുന്ന ഹക്കീമിന്റെ വീട്ടില്‍ പൊട്ടിത്തെറിയുണ്ടായത്. ഹക്കീമിൻ്റെ അയൽവാസിയായ റഷീദിൻ്റെ പരാതിയിലാണ് കേസ് എടുത്തത്. സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാരെത്തി നടത്തിയ പരിശോധനയില്‍ പരിക്കേറ്റ നിലയില്‍ ഹക്കീമിന്റെ മരുമകള്‍ ഷഹാനയേയും, ഷഹാനയുടെ സഹോദരന്‍ ഷരീഫിനെയും കണ്ടെത്തുകയായിരുന്നു. ഉടന്‍ ഇരുവരെയും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നാലെ, പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍, അപകടത്തില്‍ പരിക്കേറ്റ ഷെരീഫുള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പുറത്താക്കിയതാണെന്ന് എസ്ഡിപിഐ അറിയിച്ചു. മാങ്ങോട് ലക്ഷംവീട് നഗറില്‍ നിലവില്‍ എസ്ഡിപി ഐ അംഗങ്ങള്‍ ഇല്ലെന്നും എസ്ഡിപി ഐ നേതാക്കള്‍ അറിയിച്ചു.
Content Highlights: Palakkad Puthu nagar Explosion Police Register Case