
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാന്‍ കഴിയില്ലെന്ന് സനോജ് പറഞ്ഞു. രാഹുലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നുവെന്നും ഉയര്‍ന്നത് സമാനതകളില്ലാത്ത ആരോപണമാണെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
'സാമാന്യവല്‍ക്കരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. ഇരകള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. രാഹുല്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നു. രാഹുലിന് എംഎല്‍എ ആയി തുടരാന്‍ കഴിയില്ല. രാഹുലിനെതിരെ ജനപ്രതിരോധം ശക്തമായി ഉയരും. വെറുക്കപ്പെട്ടവനായി രാഹുല്‍ മാറി', വി കെ സനോജ് പറഞ്ഞു.
ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും മുകേഷ് എംഎല്‍എക്കും രാഹുലിനും എതിരെയുള്ള പരാതികള്‍ ഒരുപോലെ കാണേണ്ടതില്ലെന്നും വി കെ സനോജ് വ്യക്തമാക്കി. മുകേഷിനെതിരെ പരാതി ഉന്നയിച്ചയാള്‍ ഇപ്പോള്‍ ജയിലിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ വെളിപ്പിച്ച് എടുക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ പെയ്ഡ് പോസ്റ്റുകള്‍ ഇറക്കുന്നുവെന്നും സനോജ് പറഞ്ഞു. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സനോജ് വ്യക്തമാക്കി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയാണ് അന്വേഷണ സംഘം. ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങളാണ് സ്പീക്കറെ അറിയിക്കുക. നിയമസഭാ സമ്മേളനം 15ന് തുടങ്ങുന്ന സാഹചര്യത്തിലാണ് നീക്കം.
Content Highlights: DYFI Secretary V K Sanoj against Rahul Mamkootathil MLA