രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്; ഇരകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായി ആരോപണം

രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണസംഘം പരിശോധിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസ്; ഇരകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായി ആരോപണം
dot image

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസിൽ ഇരകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നതായി ആരോപണം. വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

അതേസമയം, രാഹുലിനെതിരെ പരാതി നൽകിയ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലാണ് മൊഴിയെടുപ്പ് നടക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നൽകിയത്. ഗുരുതര വകുപ്പുകൾ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുൽ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച യുവതിയുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുമെന്ന് വിവരമുണ്ട്. നേരിട്ട് പരാതി നൽകിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ലൈംഗിക പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കും. രാഹുലിനെതിരെ ആരോപണം ഉന്നയിച്ച സിനിമാതാരവും മുൻ മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കുമെന്നാണ് വിവരം.

പൊതുപ്രവർത്തകൻ എ എച്ച് ഹഫീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തത്. നാല് മാസം വളർച്ചയെത്തിയ ശിശുവിനെ ഭ്രൂണഹത്യ ചെയ്യാൻ ഭീഷണിപ്പെടുത്തി, അനുനയം വിജയിക്കാതെ വന്നപ്പോൾ ചവിട്ടിക്കൊല്ലാൻ അധിക സമയം വേണ്ടെന്ന് പറഞ്ഞു തുടങ്ങിയ കാര്യങ്ങളായിരുന്നു ഹഫീസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ അവരുടെ താത്പര്യത്തിന് വിരുദ്ധമായി സോഷ്യൽമീഡിയ വഴി പിന്തുടർന്ന് ശല്യം ചെയ്തു, സ്ത്രീകൾക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തിൽ പ്രവർത്തിച്ചു, നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തിൽ സന്ദേശങ്ങൾ അയച്ചു, ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്.

Content Highlights: crime branch investigation against Rahul Mamkootathil

dot image
To advertise here,contact us
dot image