
തിരുവനന്തപുരം: പോത്തന്‍കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ മോഷണം. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണമാണ് മോഷ്ടാവ് കവര്‍ന്നത്. പോത്തന്‍കോട് വാവറമ്പലം സ്വദേശി ഷമീന ബീവിയുടെ ബാഗില്‍ നിന്നാണ് സ്വര്‍ണം മോഷ്ടിക്കപ്പെട്ടത്. ഓണവുമായി ബന്ധപ്പെട്ട ദിവസങ്ങളായതിനാല്‍ ബസുകളില്‍ തിരക്ക് വര്‍ധിച്ചു വരികയാണ്. ഈ തിരക്കിന്റെ മറവിലാണ് മോഷണം നടന്നത്.
നെടുമങ്ങാട് പനവൂരില്‍ താമസിക്കുന്ന മരുമകളുടെ വീട്ടില്‍ പോയി തിരികെ വരുന്ന വഴിക്കാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ബസില്‍ വന്ന് പോത്തന്‍കോട് ബസ് സ്റ്റാന്റില്‍ ഇറങ്ങി പച്ചക്കറി കടയില്‍ നിന്ന് സാധനം വാങ്ങാന്‍ ബാഗ് തുറന്നപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം ഷമീന ബീവി അറിയുന്നത്.
ആറ് വളകള്‍, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരം എന്നിവയാണ് മോഷണം പോയത്. ബാഗില്‍ പേഴ്‌സിനകത്ത് ബോക്‌സില്‍ വച്ച നിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും അതിനകത്തെ പേഴ്‌സിന്റെയും സിബ് തുറന്ന ശേഷമാണ് സ്വര്‍ണമെടുത്തിരിക്കുന്നത്. സംഭവത്തില്‍ നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlight; Gold Theft Reported on KSRTC Bus in Thiruvananthapuram