ആദ്യം ലക്കി ഭാസ്കറിൽ ഇപ്പോ ഇതാ ലോകയിലും; ചിത്രത്തിൽ ഒരു കൊച്ചു സർപ്രൈസ് ഒളിപ്പിച്ച് ദുൽഖർ സൽമാൻ

ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്

ആദ്യം ലക്കി ഭാസ്കറിൽ ഇപ്പോ ഇതാ ലോകയിലും; ചിത്രത്തിൽ ഒരു കൊച്ചു സർപ്രൈസ് ഒളിപ്പിച്ച് ദുൽഖർ സൽമാൻ
dot image

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ എഴുത്തിനും മേക്കിങ്ങിനും വിഎഫ്എക്സിനുമെല്ലാം കയ്യടി ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസിലും സിനിമ കത്തിക്കയറുന്നുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഒരു കാർ ആണ് ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ഒരു മഞ്ഞ നിറത്തിലുള്ള ഫിയറ്റ് പ്രീമിയർ 118NE കാർ ഉപയോഗിക്കുന്നുണ്ട്. ലോകയുടെ നിർമാതാവ് കൂടിയായ സാക്ഷാൽ ദുൽഖർ സൽമാന്റെ സ്വന്തം വണ്ടിയാണിത്. വളരെ പെട്ടെന്നാണ് ഈ കാർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. നേരത്തെ ലക്കി ഭാസ്കർ എന്ന സിനിമയിലും ദുൽഖർ തന്റെ സ്വന്തം വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിസ്സാൻ പട്രോൾ എന്ന കാർ ആയിരുന്നു ലക്കി ഭാസ്കറിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി ലോക മുന്നേറുകയാണ്. ആദ്യ നാല് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള തലത്തിൽ നിന്ന് 65 കോടിയോളമാണ് ലോക നേടിയിരിക്കുന്നത്. റിലീസ് വീക്കെന്‍ഡ് കളക്ഷനില്‍ ഒരു മലയാള സിനിമ നേടുന്ന മൂന്നാമത്തെ ഉയർന്ന നേട്ടമാണ് ഇത്. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാനും തുടരുമും മാത്രമാണ് ഇപ്പോൾ ലോകയ്ക്ക് മുന്നിലുള്ള സിനിമകൾ.

ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: Dulquer salmaan's car in lokah goes viral

dot image
To advertise here,contact us
dot image