'അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല'; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര

ആ സ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്ന വ്യക്തി അതിന് യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്ന് മാത്രമാണ് അതിന്റെ അര്‍ത്ഥമെന്നും മൊയ്ത്ര

'അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല'; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
dot image

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തന്റെ പരാമര്‍ശം ഭാഷാശൈലിയാണെന്നും വിഡ്ഢികള്‍ക്ക് അത് മനസിലാകില്ലെന്നും മൊയ്ത്ര വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിന് അമിത് ഷായുടെ 'തല വെട്ടണമെ'ന്നായിരുന്നു മൊയ്ത്രയുടെ പ്രയോഗം(ഹിസ് ഹെഡ് ഷുഡ് ബി കട്ട് ഓഫ് ആന്‍ഡ് പുട്ട് ഓണ്‍ ദ ടേബിള്‍). എന്നാല്‍ ഇതൊരു ഭാഷാശൈലിയാണെന്നും ആ സ്ഥാനത്ത് ഇപ്പോള്‍ ഇരിക്കുന്ന വ്യക്തി അതിന് യോഗ്യനല്ല, അയാളെ ഒഴിവാക്കണമെന്ന് മാത്രമാണ് അതിന്റെ അര്‍ത്ഥമെന്നും മൊയ്ത്ര പറയുന്നു. വാക്പ്രയോഗത്തില്‍ ഛത്തീസ്ഗഡില്‍ മഹുവക്കെതിരെ കേസെടുത്തിരുന്നു.

'2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അബ്കി ബാര്‍, 400 പാര്‍ എന്ന മുദ്രാവാക്യം തകര്‍ന്നടിഞ്ഞു. ഈ ഫലം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോള്‍ ആരെങ്കിലും പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ മുഖത്തടിച്ചോ? ഇല്ല… പലരുടെയും തല ഉരുളും എന്ന് എല്ലാവരും പറഞ്ഞു. തലകള്‍ ഉരുണ്ടോ?' മൊയ്ത്ര ചോദിച്ചു.

'ഇംഗ്ലീഷ് ഭാഷയില്‍ ഇവയെ ഭാഷാശൈലികള്‍ എന്ന് പറയുന്നു… 'ഹെഡ്സ് വില്‍ റോള്‍' എന്നത് ഉത്തരവാദിത്തം എന്നതിന്റെ ഒരു ശൈലിയാണ്. അതുപോലെ, ബംഗാളി ഭാഷയില്‍ 'ലൊജ്ജയ് മാതാ കാത ജാവ' എന്നാല്‍ നിങ്ങള്‍ ലജ്ജിച്ച് സ്വന്തം തല വെട്ടാന്‍ തയ്യാറാകുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. 'മാതാ കാത ജാവ' എന്ന് പറയുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ് അര്‍ത്ഥം. ഇതൊരു ശൈലിയാണ്.' അവര്‍ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

മൊയ്ത്രയുടെ പരാമര്‍ശങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അപമാനിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ദേശീയ ഐക്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്തുവെന്ന് ആരോപിച്ച് റായ്പൂര്‍ സ്വദേശി ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്ത്രയ്ക്കെതിരെ കേസെടുത്തത്. തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഛത്തീസ്ഗഡ് പോലീസിനെ മൊയ്ത്ര രൂക്ഷമായി വിമര്‍ശിക്കുകയും ജില്ലയിലെ കുടിയേറ്റ ബംഗാളി തൊഴിലാളികള്‍ക്കെതിരെ കൊണ്ടഗാവ് എസ്പി സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യുകയും ചെയ്തു.

ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റത്തിന് മമത ബാനര്‍ജി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുവെന്നും നുഴഞ്ഞുകയറ്റക്കാര്‍ അവരുടെ പ്രധാന വോട്ട് ബാങ്കാണെന്നും അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു.

Content Highlight; Mahua Moitra Hits Out at BJP Over Amit Shah’s Remarks

dot image
To advertise here,contact us
dot image