
തിരുവനന്തപുരം: റിപ്പോർട്ട൪ ടിവി വാർത്താ സംഘത്തിന് നേരെയുണ്ടായ കോൺഗ്രസ് അക്രമം അപലപനീയവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കോൺഗ്രസ് സംസ്ഥാന നേതൃത്വം ഈ അക്രമത്തിന് മറുപടി പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. റിപ്പോർട്ടർ ടി വി വാർത്താസംഘത്തിനെതിരെ നടന്ന അക്രമത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ക്കെതിരായ ലൈംഗിക അതിക്രമ പരാതികൾ പുറത്തു കൊണ്ടുവന്നതിനുള്ള വിരോധത്താലാണ് ഈ ആക്രമം നടന്നത്. വടകര എംപി ഷാഫി പറമ്പിൽ പങ്കെടുക്കുന്ന പരിപാടി നടന്ന സ്ഥലങ്ങളിൽ വച്ചാണ് റിപ്പോർട്ടർ ടിവി ആക്രമിക്കപ്പെട്ടത്. ഷാഫി പറമ്പിലിൻ്റെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അനുയായികളാണ് അക്രമം നടത്തിയതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാണിച്ചു.
റിപ്പോർട്ടർ ടിവിയുടെ മാധ്യമ സംഘത്തിന് നേരെ ആഗസ്റ്റ് 27നാണ് കോഴിക്കോട് കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. മേപ്പയൂരിലും പേരാമ്പ്രയിലുമാണ് കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടർ മാധ്യമ സംഘത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. പേരാമ്പ്രയിൽ റിപ്പോർട്ടർ ടിവിയുടെ വാഹനം അടിച്ച് നശിപ്പിക്കാനും ശ്രമമുണ്ടായി.
പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി റിപ്പോര്‍ട്ടർ ടിവിയുടെ കോഴിക്കോട് റിപ്പോര്‍ട്ടര്‍ അഭിജിത്തായിരുന്നു എത്തിയത്. അഭിജിത്തിനൊപ്പം ക്യാമറാമാന്‍ ഖുബൈര്‍ ഫൈസി, ഡ്രൈവര്‍ അഖില്‍ എന്നിവരുമുണ്ടായിരുന്നു. മേപ്പയൂരിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു സംഘം ആദ്യം എത്തിയത്. റിപ്പോര്‍ട്ടറും മറ്റൊരു ചാനലും മാത്രമായിരുന്നു റിപ്പോര്‍ട്ടിംഗിന് എത്തിയത്. ഷാഫി പറമ്പില്‍ എത്തിയ സമയത്ത് പ്രതികരണം തേടുന്നതിനായി അഭിജിത്തും ഖുബൈറും ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയും അവിടേയ്ക്ക് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് അസഭ്യം പറയുകയുമായിരുന്നു. ഇതിന് ശേഷം റിപ്പോര്‍ട്ടര്‍ സംഘം പേരാമ്പ്രയിലെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തി. ഇവിടെയും സമാന സാഹചര്യമായിരുന്നു. റിപ്പോര്‍ട്ടറിന്റെ ഡ്രൈവര്‍ അഖിലിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തി. ഇതുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളോട് പരാതിപ്പെട്ടു. പിന്നാലെ പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് മാറി നില്‍ക്കാനുള്ള ശ്രമത്തിനിടെ റിപ്പോർട്ടർ സംഘത്തിൻ്റെ കാറിന് ചുറ്റും ആളുകള്‍ കൂടുകയും വാഹനത്തിലും ഗ്ലാസിലുമെല്ലാം ശക്തിയായി അടിക്കുയുമായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് റിപ്പോര്‍ട്ടര്‍ സംഘത്തെ ബസ് സ്റ്റാന്‍ഡ് പരിസരത്തേയ്ക്ക് മാറ്റി നിര്‍ത്തി.
Content Highlights: DYFI protests against the Congress worker's attack on the reporter TV news team