
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി. താമരശ്ശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ചുരം പാതയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ അടിയന്തരമായി അയയ്ക്കണം. ബദല്‍ പാത നിര്‍മിക്കുന്നതിന് അടിയന്തര നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
ചുരം പാതയില്‍ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ആരോഗ്യ ആവശ്യങ്ങള്‍ക്കടക്കം വയനാട്ടിലെ ജനങ്ങള്‍ വലിയ രീതിയില്‍ ആശ്രയിക്കുന്നത് കോഴിക്കോട് ജില്ലയെയാണ്. ചുരത്തില്‍ ഗതാഗത തടസ്സമുണ്ടാകുന്നതിലൂടെ വയനാട് ജില്ല ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമുണ്ടെന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.
ഹൈവേയുടെ ഈ ഭാഗം പരിശോധിച്ച് അപകട സാധ്യത വിലയിരുത്തണം. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി അടിയന്തരമായി വിദഗ്ധ സംഘത്തെ അയക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ബദല്‍പാത ഒരുക്കാന്‍ നടപടികള്‍ വേണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
അതിനിടെ മഴ കുറയുന്ന സമയങ്ങളില്‍ താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനമായി. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.
Content Highlights- Priyanka gandhi mp writes to central minister nitin gadkari over thamarassery churam landslide issue