പൊരുതിത്തോറ്റ് കൊല്ലം; വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാമതെത്തി ആലപ്പി റിപ്പിള്‍സ്

ജലജ് സക്‌സേനയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പിക്ക് കരുത്തായത്

പൊരുതിത്തോറ്റ് കൊല്ലം; വിജയത്തോടെ പോയിന്‍റ് ടേബിളില്‍ അഞ്ചാമതെത്തി ആലപ്പി റിപ്പിള്‍സ്
dot image

കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് വിജയം. ആലപ്പിക്കെതിരായ മത്സരത്തില്‍ രണ്ട് റണ്‍സിനാണ് കൊല്ലം അടിയറവ് പറഞ്ഞത്. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ കൊല്ലം ആലപ്പി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് നാല് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങള്‍ കളിച്ച സെയ്‌ലേഴ്‌സ് നാല് പോയിന്റുമായി നാലാം സ്ഥാനത്താണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് അടിച്ചുകൂട്ടിയത്. ജലജ് സക്‌സേനയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ആലപ്പിക്ക് കരുത്തായത്. 50 പന്തില്‍ 85 റണ്‍സെടുത്ത ജലജാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍. ഒന്‍പത് ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു ജലജിന്റെ പ്രകടനം. ആലപ്പി നിരയില്‍ ജലജ് ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തിരിച്ചടിയോടെയായിരുന്നു തുടക്കം. രണ്ട് റണ്‍സ് മാത്രമെടുത്ത ഓപ്പണര്‍ അഭിഷേക് നായരെ തുടക്കം തന്നെ കൊല്ലത്തിന് നഷ്ടമായി. വിഷ്ണു വിനോദ് ഒമ്പത് പന്തില്‍ 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സച്ചിൻ ബേബി (18), വത്സല്‍ ഗോവിന്ദ് (13), അഖില്‍ എം‌ എസ് (14), സച്ചിന്‍ പിഎസ് (18), രാഹുല്‍ ശര്‍മ (16), അമല്‍ എ ജി(12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

അവസാന ഓവറുകളില്‍ ഷറഫുദ്ദീന്‍ തകർത്തടിച്ചത് കൊല്ലത്തിന് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ 41 റണ്‍സെടുത്ത് താരം പുറത്തായതോടെ കൊല്ലത്തിന് തിരിച്ചുവരാനായില്ല. അവസാന രണ്ട് പന്തില്‍ 15 റണ്‍സാണ് ടീമിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബിജു നാരായണന്‍ രണ്ട് സിക്‌സറടിച്ചതോടെ ടീം രണ്ട് റണ്‍സ് തോല്‍വിയോടെ മടങ്ങി.

Content Highlights: Alleppey Ripples won by against Aries Kollam Sailors in Kerala Cricket League

dot image
To advertise here,contact us
dot image