
തിരുവനന്തപുരം: മഴ മുന്നറിയിപ്പ് കാരണം തൃശൂർ, പാലക്കാട് ജില്ലകളിൽ മാറ്റിവെച്ച ഓണപരീക്ഷയുടെ ചോദ്യ പേപ്പർ സ്‌കൂളുകൾ സ്വയം പ്രിന്റ് ചെയ്യണമെന്ന് നിർദ്ദേശം. ചോദ്യ പേപ്പറിന്റെ സോഫ്റ്റ് കോപ്പി വിദ്യാഭ്യാസ വകുപ്പ് നൽകും. ഇത് സംബന്ധിച്ച് വകുപ്പിൽ നിന്നും സ്‌കൂൾ അധികൃതർക്ക് വാക്കാൽ നിർദ്ദേശം നൽകി. അതേസമയം തീരുമാനം ചോദ്യ പേപ്പറുകളുടെ രഹസ്യ സ്വഭാവം നഷ്ടമാക്കുമെന്നാണ് അധ്യാപകർ പറയുന്നു.
സ്‌കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തീരുമാനമാണിതെന്ന് അധ്യാപക സംഘടനായ കെപിഎസ്ടിഎ വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ച തടയാൻ നേരത്തെ വിശദമായി മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് നിർദ്ദേശമെന്നാണ് ഉയരുന്ന പ്രധാന പരാതി.
ചോദ്യ പേപ്പർ ചോർച്ച തടയാൻ ഓണപ്പരീക്ഷ നടത്തിപ്പിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റുകൾ തുറക്കാവൂ എന്നതായിരുന്നു ഇതിലെ സുപ്രധാന നിർദേശം. പരീക്ഷ തുടങ്ങുന്നതിന് മുൻപ് ചോദ്യ പേപ്പർ പാക്കറ്റിൽ പ്രഥമാധ്യാപകർ, പരീക്ഷാച്ചുമതലയുള്ള അധ്യപകർ, രണ്ട് കുട്ടികൾ എന്നിവരുടെ പേരും ഒപ്പും രേഖപ്പെടുത്തും. പാക്കറ്റിൽ അത് പൊട്ടിച്ച തീയതിയും സമയവും രേഖപ്പെടുത്തും. ചോദ്യ പേപ്പർ അധ്യാപകൻ വാങ്ങുമ്പോൾ തീയതിയും അധ്യാപകന്റെ വിവരങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തണം. ചോദ്യ പേപ്പർ കൈകാര്യം ചെയ്യാൻ ജില്ലാതലത്തിൽ മൂന്നംഗ പരീക്ഷ സെല്ല് പ്രവർത്തിക്കണം എന്നിങ്ങനെയായിരുന്നു നിർദേശങ്ങൾ.
Content Highlights: Schools advised to print question papers for postponed Onam exams themselves