'രാഹുൽ പാലക്കാട് ഇറങ്ങിയാൽ ജനം ചൂലെടുക്കും,സതീശന് ഹൃദയവേദന പീഡന വീരനെ കുറിച്ചോര്‍ത്ത്'; വി മുരളീധരൻ

രാഹുൽ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത്രയധികം സ്ത്രീകളുടെ പരാതികൾ വരുമോയെന്നും വി മുരളീധരൻ

dot image

തിരുവനന്തപുരം: യുവതികളുടെ ആരോപണങ്ങൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിന് എംഎൽഎ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. പാർട്ടിയുടെ പ്രാഥമിക അംഗമായിപ്പോലും തുടരാൻ പറ്റില്ലെന്ന് കോൺഗ്രസ് തീരുമാനിച്ച ആളെയാണ് പാലക്കാട്ടുകാർ ചുമക്കേണ്ടത്. പാലക്കാട് അടുത്ത കാലത്തൊന്നും രാഹുലിന് ഇറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല ജനം ചൂലെടുക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

പൊതുസമൂഹവും മാധ്യമപ്രവർത്തകരും കോൺഗ്രസുകാരുമുൾപ്പെടെയുള്ളവരാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. വീട്ടിൽ കയറ്റാൻ പറ്റാത്ത തരത്തിലുള്ള ആളാണെന്ന് വരെയാണ് ആരോപണം. ഇത്രയധികം പരാതി ഉയർന്നിട്ടും രാഹുലിനെതിരായ നടപടി കോൺഗ്രസിന്റെ ഒത്തുകളിയാണ്. ജനങ്ങളെ കബളിപ്പിച്ച് കണ്ണിൽപൊടിയിടുന്ന സമീപനമാണ് അവർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പാർട്ടിയിൽ നിന്ന് ആരെ പുറത്താക്കുന്നു എന്നതും പാർട്ടിയിൽ ആര് വേണം എന്നതും അവരുടെ പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നമാണ്. ഇവിടത്തെ പ്രശ്‌നം ജനങ്ങളുടെ പ്രശ്‌നമാണ്. ജനപ്രതിനിധിയായ ഒരാൾ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയും സ്വഭാവ രീതിയും സംബന്ധിച്ചാണ് ആക്ഷേപം ഉയർന്നിട്ടുള്ളതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പരാതിക്കാരോട് ഹൃദയവേദനയില്ല. പീഡനവീരനെ കുറിച്ചാണ് ഹൃദയവേദന. അതാണ് കോൺഗ്രസിന്റെ സംസ്‌കാരം. രാഹുൽ പാർട്ടിയുടെ ഭാഗമല്ലാത്ത സാഹചര്യത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് ജന പ്രതിനിധിയില്ലാത്ത അവസ്ഥയുണ്ടാകും. പാലക്കാട്ടുകാർക്ക് ജനപ്രതിനിധി വേണ്ടെന്നാണോ കോൺഗ്രസുകാരുടെ ആഗ്രഹം. അവർ പാലക്കാട്ടുകാരോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും വി മുരളീധരൻ പറഞ്ഞു. രാഹുൽ മാനസിക പ്രശ്‌നമുള്ള ആളാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇത്രയധികം സ്ത്രീകളുടെ പരാതികൾ വരുമോയെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം ആരെ കബളിപ്പിക്കാനാണ് ഇടത് സർക്കാർ ശബരിമലയിൽ ആഗോള അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്ന് വി മുരളീധരൻ ചോദിച്ചു. ശബരിമല ക്ഷേത്രത്തേയും ശബരിമല തീർത്ഥാടനത്തേയും തകർക്കാൻ ശ്രമിച്ചയാളാണ് പിണറായി വിജയൻ. ആരെ കബളിപ്പിക്കാനാണ് അയ്യപ്പ സംഗമത്തിന് അദ്ദേഹം പോകുന്നത്. ഗണപതി മിത്ത് ആണെന്ന് പറഞ്ഞ സിപിഐഎം നേതൃത്വമാണ് സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സനാതന ധർമം ഭൂമിയിൽനിന്ന് തുടച്ചുനീക്കേണ്ട വൈറസ് ആണെന്ന് പറയുന്നവരാണ് ഡിഎംകെ നേതാക്കൾ. അങ്ങനെയുള്ളവരെ വിളിച്ചാണോ അയ്യപ്പ ഭക്ത സംഗമം നടത്തുന്നതെന്നും മുരളീധരൻ ചോദിച്ചു.

Content Highlights: V Muraleedharan against Rahul Mamkootathil, says he is not eligible to continue as an MLA

dot image
To advertise here,contact us
dot image