
തിരുവനന്തപുരം: ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആദ്യഘട്ടമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ചു. സസ്‌പെന്‍ഷന്‍ രണ്ടാംഘട്ട നടപടിയാണ്. കൂടുതല്‍ പരാതികളും തെളിവുകളും പുറത്തുവന്നാല്‍ മൂന്നാംഘട്ടത്തിലേയ്ക്ക് കടക്കുമെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാൻ ആര്‍ക്കും അധികാരമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ മുന്‍പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ തങ്ങള്‍ ഭയക്കുന്നില്ല. പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പരാജയഭീതിയില്ല. ഇവിടെ ഉപതെരഞ്ഞെടുപ്പല്ല ചര്‍ച്ച. ഒരു എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. അതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
പുറത്തുവന്ന ഫോണ്‍സംഭാഷണത്തിന്റെ ആധികാരികത അറിയേണ്ടതുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ നടപടി സ്ഥിരം ഏര്‍പ്പാടല്ല. കൂടുതല്‍ നടപടികളിലേയ്ക്ക് പോകാന്‍ പാര്‍ട്ടിക്ക് മടിയില്ല എന്നതിന്റെ സൂചനയാണിത്. പാര്‍ട്ടി അംഗത്തിന് ലഭിക്കുന്ന സംരക്ഷണം ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാര്‍ട്ടി ഒപ്പമില്ല എന്ന സാഹചര്യത്തില്‍ സ്ഥാനം രാജിവെയ്ക്കാനുള്ള അവകാശം രാഹുലിനുണ്ടെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി. അത് വേണോ വേണ്ടയോ എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് യുഡിഎഫാണ്. യുഡിഎഫും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞാല്‍ കടിച്ച് തൂങ്ങണോ വേണ്ടയോ എന്നത് രാഹുലിന് തീരുമാനിക്കാം. നിലവിലെ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിക്കാന്‍ മാത്രമേ സാധിക്കൂ എന്നും കൂടുതല്‍ തെളിവ് വന്നാല്‍ തുടര്‍ നടപടിയുണ്ടാകുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ഉമാ തോമസ് എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടും കെ മുരളീധരന്‍ പ്രതികരിച്ചു. സൈബര്‍ ആക്രമണം ശ്രദ്ധിക്കാതിരുന്നാല്‍ മതിയെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. അത്തരത്തിലുള്ള കമന്റുകള്‍ വായിക്കാതിരുന്നാല്‍ മതി. തനിക്കെതിരെ എന്തൊക്കെ വരുന്നു. താന്‍ മൈന്‍ഡ് ചെയ്യാറില്ല. ഉമാ തോമസ് പറഞ്ഞത് കേരളത്തിലെ സ്ത്രീകളുടെ വികാരം. അത് പാര്‍ട്ടി ഉള്‍ക്കൊണ്ടുവെന്നും കെ മുരളീധരന്‍ പറഞ്ഞു.
Content Highlights- Will take strict action againt rahul mamkootathil says congress leader K Muraleedharan