
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സിനെതിരെ സൈബർ ആക്രമണം. രാഹുൽ അനുകൂലികളുടെ നേതൃത്വത്തിലാണ് സൈബർ ആക്രമണം. താരയ്ക്കെതിരെ അശ്ലീല പരാമർശങ്ങൾ അടക്കം നടത്തിയാണ് സൈബർ ആക്രമണം നടക്കുന്നത്. അശ്ലീല പരാമർശങ്ങളോടെ നിസാർ കുമ്പിള താരയുടെ പേര് സൂചിപ്പിക്കാതെ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് കീഴെയാണ് താരയ്ക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ കമൻ്റുകളായി വന്നിരിക്കുന്നത്. 'ബ്ലാക്ക് മെയിൽ രാഷ്ട്രീയം കളിച്ച് സീറ്റ് ഒപ്പിക്കാൻ നോക്കിയ സ്ത്രീ രൂപത്തെ കോൺഗ്രസിൻ്റെ എല്ലാ ഒഫീഷ്യൽ ഗ്രൂപ്പുകളിൽ നിന്നും തൂക്കിയിട്ടു'ണ്ടെന്ന് പോസ്റ്റിൽ നിസാർ കുമ്പിള പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പോസ്റ്റിന് താഴെ താരയുടെ പേര് അടക്കം പറഞ്ഞാണ് സൈബർ ആക്രമണം നടക്കുന്നത്.
'ഇജ്ജാതി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കാത്തവളുമാരെ ഒക്കെ പിടിച്ച് മീഡിയ സെല്ലിൻ്റെ തലപ്പത്ത് കൊണ്ടുവരുമ്പോ ഒന്ന് ആലോചിക്കണമായിരുന്നു' എന്നാണ് നിസാർ കുമ്പിളയുടെ പോസ്റ്റിന് ചുവടെ വന്നിരിക്കുന്ന ഒരു കമൻ്റ്. 'അയ്യോ വലിയ എന്തോ സംഭവം ആണെന്നാ ആ തമ്പുരാട്ടിയുടെ വിചാരമെന്ന്' മറ്റൊരാൾ കമൻ്റ് ചെയ്തിട്ടുണ്ട്. 'ഒറ്റുന്നവർക്ക് മുകളിൽ വേറെ ഒറ്റുകാരുണ്ടാകുമെന്ന് തള്ള കരുതിയില്ല' എന്നും കമൻ്റുണ്ട്. 'രാഹുൽ ഈ പ്രസ്ഥാനത്തിന് വേണ്ടി പോലീസിന്റെ പീഡനം എത്ര ഏറ്റുവാങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ടൈപ് ചെയ്യുന്നത് പോലെ എളുപ്പമല്ല സമരങ്ങൾ എന്നുള്ളത് കൊണ്ട് തന്നെ രാഹുലിനോടൊപ്പം' എന്നാണ് മറ്റൊരു കമൻ്റ്.
എന്തുകൊണ്ടാണ് ഇരയായ പെൺകുട്ടികൾ പരാതിയുമായി പുറത്തുവരാത്തത് എന്നതിനെക്കുറിച്ചും പരാതി ഉന്നയിക്കുന്ന പെൺകുട്ടികളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിച്ചു കൊണ്ട് കോൺഗ്രസ് ഡിജിറ്റൽ മീഡിയാ സെൽ കോർഡിനേറ്റർ താരാ ടോജോ അലക്‌സ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു ദിവസത്തെയോ ഒരാഴ്ച്ചത്തെയോ കുറ്റപ്പെടുത്തലുകൾക്കും കുരിശേറ്റലുകൾക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും പിന്നീട് ജീവിതകാലം മുഴുവൻ ഒരിക്കലും തിരിച്ചുവരാൻ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തളളിയിടുകയും ചെയ്യുന്ന വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത് എന്ന് താര ടോജോ അലക്‌സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വ്യവസ്ഥിതി തിരുത്തിയതിനുശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്തുകൊണ്ട് പേര് പറയുന്നില്ല, എന്തുകൊണ്ട് വിളിച്ചുപറയുന്നില്ല എന്ന ബഹളം വയ്ക്കാൻ പാടുളളുവെന്നും പരാതികൾ സമൂഹത്തിന് മുന്നിൽ ഉന്നയിച്ച സകല പെൺകുട്ടികളെയും സ്ലട്ട് ഷെയിം ചെയ്യുകയാണെന്നും അവർ പറഞ്ഞിരുന്നു.
'ഈ രാജ്യത്തെ മഹാരഥന്മാർ ഇരുന്ന രണ്ട് കസേരകൾ ഒരേസമയം താലത്തിൽ വെച്ച് കിട്ടിയിട്ടും, നഷ്ടപ്പെടാൻ ഇമേജ് ഉൾപ്പെടെ നൂറായിരം കാര്യങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്താണ്? സ്ത്രീകൾ അത്രമേൽ അശക്തരാണെന്നും അവർക്ക് നിലവിളിക്കാൻ കഴിയുകയില്ല എന്നും ഈ സമൂഹം അയാൾക്ക് കൊടുത്തിട്ടുളള ഉറപ്പുകളാണ്. ആ വ്യവസ്ഥിതി തിരുത്താനുളള ഒരു അവസരമായി ഈ സംഭവങ്ങളെ കാണണം. നിങ്ങലുടെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും കടന്നുപോയേക്കാവുന്ന ഒരു സാഹചര്യം നേരിടുന്ന പെൺകുട്ടികളെ സ്ലട്ട് ഷെയിം ചെയ്യുമ്പോൾ, നിങ്ങൾ പാലിക്കുന്ന നിശബ്ദത കുറ്റകരമാണെന്നിരിക്കെ, പാർട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭക്കേസിലും പെണ്ണുകേസിലും പെടുത്തി നശിപ്പിക്കുന്നുവെന്ന അശ്ലീല തമാശകൊണ്ട് നിങ്ങൾക്ക് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അതിനെപ്പറ്റി കാര്യക്ഷമമായി അന്വേഷിക്കുകയും ഇരകളുടെ ഐഡന്റിറ്റി പുറത്തുവരാത്ത തരത്തിൽ കുറ്റക്കാരെ ശിക്ഷിക്കുകയും ചെയ്യുക എന്ന ഒറ്റ പരിഹാരം മാത്രമേ ഈ രാജ്യത്തിന്റെ സമത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന മനുഷ്യരുടെ മുന്നിലുളളു'- എന്നും താരാ ടോജോ അലക്‌സ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
താരാ ടോജോ അലക്‌സിന്റെ കുറിപ്പ്
എനിക്ക് പറയാനുള്ളത്….
സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന രണ്ട് ചോദ്യങ്ങൾ…
ഒന്നാമത്തെ ചോദ്യം:
എന്തുകൊണ്ടാണ് പരാതി പറയാത്തത്? എന്തുകൊണ്ടാണ് വെളിച്ചത്തു വരാത്തത്? എന്തുകൊണ്ടാണ് നേരത്തെ പറയാത്തത്…
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആദർശങ്ങളും സ്വഭാവവും രൂപപ്പെടുന്നത് എങ്ങനെയാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?!
അവരരുടെ ജീവിത പരിസരങ്ങൾ, ജീവിതാനുഭവങ്ങൾ, അവരെ ഇൻഫ്ലൂൻസ് ചെയ്യുന്ന മനുഷ്യർ, ഇവരിൽ നിന്നൊക്കെ തെരഞ്ഞെടുക്കുന്ന ആദർശങ്ങളുടെയും അനുഭവങ്ങളുടെയും അകത്തുകയാണ് ഒരു ആൺകുട്ടിയുടെ സ്വഭാവം രൂപീകരിക്കുന്നതെങ്കിൽ,
പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ആദർശം തിരഞ്ഞെടുത്തതിന്റെ പേരിൽ മുൻഗാമിയായ ഒരു പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവങ്ങളെ പറ്റിയുള്ള ചരിത്രമാണ് അവരുടെ ആദർശത്തെയും സ്വഭാവത്തെയും അവരുടെ തിരഞ്ഞെടുപ്പുകളെയും രൂപീകരിക്കുന്നത്.
ഉദാഹരണത്തിന്, രാത്രി 12 മണിക്ക് പുറത്തിറങ്ങി നടക്കണോ വേണ്ടയോ എന്നത് ആൺകുട്ടിയെ സംബന്ധിച്ച്, അവനതിന് തയ്യാറാണോ….അവനത് തെരഞ്ഞെടുക്കുന്നുണ്ടോ…എന്ന് മാത്രമുള്ള ഒരു ചോദ്യമാണെങ്കിൽ,
രാത്രി 12 മണിക്ക് പുറത്തിറങ്ങി നടന്ന ഒരു മറ്റൊരു പെൺകുട്ടിയോട് അല്ലെങ്കിൽ പെൺകുട്ടികളോട്,
ഈ സമൂഹം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ ആകെത്തുകയായിരിക്കും ഒരു പെൺകുട്ടിയെ സംബന്ധിച്ച് ആ തീരുമാനം.
അതിക്രമികൾക്കിടയായ പെൺകുട്ടികൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല… എന്തുകൊണ്ട് പേര് പറയുന്നില്ല…എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല.. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല…എന്നൊക്കെ വിലപിക്കുന്നതിന് മുമ്പ്,
അത്തരത്തിൽ പുറത്തുവന്ന മനുഷ്യരോട് നമ്മൾ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഇനിയെങ്കിലും ആത്മ വിമർശനത്തോടെ ചിന്തിക്കാൻ സ്ത്രീയും പുരുഷനും അടങ്ങുന്ന ഇവിടുത്തെ സമൂഹം തയ്യാറാകണം.
ഒരു ദിവസത്തെയോ ഒരാഴ്ചത്തെയോ കുറ്റപ്പെടുത്തലുകൾക്കും കുരിശേറ്റലുകൾക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും,
പിന്നീട് ജീവിതകാലം മുഴുവനും ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തള്ളിയിടുകയും ചെയ്യുന്ന ഞാനും നിങ്ങളും ഉൾപ്പെട്ട ഇവിടത്തെ വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാൻ ഇവിടുത്തെ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്.
ഈ വ്യവസ്ഥിതി തിരുത്തിയതിന് ശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്തുകൊണ്ട് പേര് പറയുന്നില്ല എന്തുകൊണ്ട് വിളിച്ചു പറയുന്നില്ല എന്ന ബഹളം വയ്ക്കാൻ പാടുള്ളൂ.
ഒരു വ്യക്തി യാതൊരു തരത്തിലുള്ള ബാഹ്യസമ്മർദ്ദനത്തിൻ്റെ അടിസ്ഥാനത്തിൽ എടുക്കാത്ത തീരുമാനത്തെയാണ് Consent എന്ന് പറയുന്നത്.
തൊഴിൽ മേഖലകളിൽ, ഒരു വ്യക്തിയുടെ മേൽ അധികാരപ്രയോഗം നടത്താൻ പറ്റുന്ന CEO , മാനേജിങ് ഡയറക്ടർ.. സീനിയർ ഉദ്യോഗസ്ഥൻ…
ഈ തരത്തിൽ ബലമായി കൺസന്റ് വാങ്ങാൻ കഴിയുന്ന ഒരു പവർ പൊസിഷനിൽ ഇരുന്നുകൊണ്ട് അവരിൽ നിന്നും ഒരു സമ്മതം നേടിയെടുക്കാൻ ശ്രമിക്കുന്നതുപോലും കൺസെന്റ് അല്ല.
ചിലപ്പോൾ സ്ത്രീകൾ പീഡനം നേരിടുന്നത് Moral Highhandness ഉള്ള ആളുകളിൽ നിന്നാവാം. കുടുംബക്കാരോ അധ്യാപകരോ..
അതേപോലെതന്നെ തൊഴിൽ മേഖലകളിലും - രാഷ്ട്രീയ, സാംസ്കാരിക, കലാ മേഖലകളിലും.. അധികാരം കയ്യാളുന്ന, Power Position ൽ ഇരിക്കുന്ന ആരിൽ നിന്നും ഒരു പെൺകുട്ടി ഒരു predator നേ ഭയപ്പെടണം.
അവർ ഒരുപക്ഷേ consent പോലും manipulate ചെയ്യാൻ പറ്റുന്ന കരുത്തരാകാം എന്ന് നിങ്ങൾ മനസ്സിലാക്കണം.
രാഷ്ട്രീയമായ ഉന്നതങ്ങളിൽ ഇരുന്ന് സാധാരണ വ്യക്തികളെ ഭീഷണിയും പ്രലോഭനങ്ങളും നിങ്ങളുടെ മറ്റ് അധികാരപ്രയോഗങ്ങളും കാണിച്ചു കൊടുത്തുകൊണ്ട് താൽക്കാലികമായി നേടിയെടുക്കുന്ന സമ്മതം, അത് കൺസന്റ് അല്ല. മാത്രമല്ല കൺസെന്റിനെ മുൻകാല പ്രാബല്യത്തോടെ പിൻവലിക്കാനും കഴിയണം.
കാരണം ചതിച്ചു നേടിയ കൺസെന്റ് ആണെങ്കിൽ…താൻ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന ദിവസം ഒരു വ്യക്തിക്ക് താൻ നൽകിയ കൺസെന്റ് പിൻവലിക്കാൻ സാധ്യമാകണം.
അല്ലാതെ അന്ന് അനുവദിച്ചുകൊണ്ട് ഇന്നും അനുവദിക്കണം എന്ന് സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല കൺസൻ്റ്.
രണ്ടാമത്തെ ( അശ്ലീല) ചോദ്യം:
എന്തുകൊണ്ടാണ് സ്ത്രീകൾ പുരുഷന്മാർക്ക് കിടന്നു കൊടുക്കുന്നത്?
ഈ ചോദ്യം എന്തുകൊണ്ടാണ് സമൂഹം പുരുഷന്മാരോട് ചോദിക്കാത്തത്?
ഒരു പുരുഷൻ ഇന്ന് രാവിലെ പരിചയപ്പെട്ട സ്ത്രീയെ അപ്പോൾ തന്നെ ഫേസ്ബുക്കിൽ add ചെയ്യുകയും, അന്നു വൈകുന്നേരം ആഗ്രഹം പൂർത്തീകരണത്തിനായി അവരുടെ വീട്ടിലേക്ക് എന്തിനാണ് ചെന്ന് കയറിയത്… എന്ന് സ്ത്രീകൾ തിരിച്ചു ചോദിച്ചാൽ, എന്തു മറുപടിയാണ് നിങ്ങൾക്ക് പറയാനുള്ളത്? അതേ മറുപടി മാത്രമേ ഈ വിഷയത്തിൽ ഒരു സ്ത്രീക്കും പറയേണ്ടതുള്ളൂ. ആ ചോദ്യം നിങ്ങൾ ഒരു ആണിന് നേരെ ഉയർത്തുന്നില്ലെങ്കിൽ മേലിൽ ഈ വൃത്തികെട്ട ചോദ്യവുമായി ഒരു പെണ്ണിൻ്റെ അടുത്തും പോകരുത്.
പ്രിയ സുഹൃത്തുക്കളെ…
ആദ്യം ചെയ്യേണ്ടത് നമ്മൾ പൊയ് പോയ തലമുറയെ വിട്ടുകളയുക.
നിങ്ങളുടെ മക്കളെ എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെപ്പറ്റി സാക്ഷരതയോടു കൂടി വളർത്തുക.
കാരണം ഇതൊരു സോഷ്യൽ ക്രൈം ആണ്. ഇതൊരു ഇൻഡിവിജ്വൽ ചോയിസ് എന്നതിനേക്കാൾ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ ഒരു ജെൻഡറിൻ മേൽ അടിച്ചേൽപ്പിക്കുന്ന ക്രൈം ആണിത്.
കാരണം ഇത്തരത്തിൽ പെൺകുട്ടികളെ sexually exploit ചെയ്യാം എന്ന് തോന്നലിൽ ആൺകുട്ടികളെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇതിൽ വലിയൊരു പങ്കുണ്ട്.
ഈ രാജ്യത്തെ മഹാരഥന്മാർ ഇരുന്നിട്ടുള്ള രണ്ട് കസേരകൾ ഒരേസമയം താലത്തിൽ വച്ച് കിട്ടിയിട്ടും,
നഷ്ടപ്പെടാൻ ഇമേജ് ഉൾപ്പെടെ നൂറായിരം കാര്യങ്ങൾ ഉണ്ടെന്നിരിക്കെ,
ഇത്തരം ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്താണ്?
സ്ത്രീകൾ അത്രമേൽ അശക്തരാണെന്നും അവർക്ക് നിലവിളിക്കാൻ കഴിയുകയില്ല എന്നും ഈ സമൂഹം അയാൾക്ക് കൊടുത്തിട്ടുള്ള ഉറപ്പുകളാണ്.
അപ്പോൾ ആ വ്യവസ്ഥിതി തിരുത്താനുള്ള ഒരു അവസരം കൂടി ആയിട്ട് നമ്മൾ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കാണണം.
ഈ പരാതികൾ സമൂഹത്തിന് മുന്നിൽ ഉന്നയിച്ച സകല പെൺകുട്ടികളെയും slut shame ചെയ്യുന്ന ആയിരക്കണക്കിന് പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അതിൽ കുറേയെണ്ണം, വിഷയത്തിൽ പ്രതിരോധത്തിൽ ആയവർ PR exercise ൻ്റെ ഭാഗമായി ഇടുന്നതായിരിക്കാം. പക്ഷേ ബാക്കിയെല്ലാം തന്നെ ജീവിച്ചിരിക്കുന്ന രക്തവും മാംസവും മജ്ജയും ഉള്ള സാധാരണ ജനങ്ങളാണ് എഴുതിയിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും കടന്നുപോയേക്കാവുന്ന ഒരു സാഹചര്യം നേരിടുന്ന പെൺകുട്ടികളെ slut shame ചെയ്യപ്പെടുമ്പോൾ,
നിങ്ങൾ നിശബ്ദത പാലിക്കുന്നത് പോലും കുറ്റകരമാണെന്നിരിക്കെ,
"പാർട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭകേസിലും പെണ്ണ്കേസിലും പെടുത്തി നശിപ്പിക്കുന്നു" എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങൾക്ക് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
അതിനെപ്പറ്റി കാര്യക്ഷമമായ അന്വേഷിക്കുകയും ഇരകളുടെ ഐഡൻറിറ്റി പുറത്തുവരാത്ത തരത്തിൽ കുറ്റക്കാരെ ശിക്ഷിക്കുക എന്ന ഒറ്റ പരിഹാരം മാത്രമാണ്,
ഈ രാജ്യത്തിൻ്റെ സമത്വത്തിൽ, ജനാധിപത്യത്തിൽ, ഈ രാജ്യത്തിൻ്റെ നിലനിൽപ്പിൽ, ഈ രാജ്യത്തിൻ്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക്….ഏതെങ്കിലും ഒരു സൊല്യൂഷൻ ഇതിനുണ്ട് എന്ന് തോന്നുന്നെങ്കിൽ അത് മാത്രമാണ്.
Content Highlights: Cyber attack on Tara Tojo Alex for criticising Rahul Mankoottathil