'പല സ്ത്രീകളുടെ പരാതി, എന്തായാലും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയുണ്ടാകും': ഷമ മുഹമ്മദ്

കോൺഗ്രസ് പാർട്ടി ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ രാഹുലിനോട് രാജി ആവശ്യപ്പെടുകയും, അത് അദ്ദേഹം അനുസരിക്കുകയും ചെയ്തുവെന്നും ഷമ ചൂണ്ടിക്കാട്ടി

dot image

ഡൽഹി: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പല സ്ത്രീകളുടെയും പരാതി കേട്ടിട്ടുണ്ടെന്നും എന്തായാലും നടപടിയുണ്ടാകുമെന്നും കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് ദേശീയ വക്താവ്. എഫ്‌ഐആർ ഉണ്ടായിട്ടും പൊലീസ് അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും ബ്രിഷ്ഭൂഷൺ ശരൺ സിംഗിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത ബിജെപിക്ക് ഇക്കാര്യങ്ങൾ പറയാനുള്ള അർഹതയില്ലെന്നും ഷമ ചൂണ്ടിക്കാണിച്ചു. ആരോപണങ്ങൾ ഉയർന്നപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി രാഹുലിനോട് രാജി ആവശ്യപ്പെടുകയും, അത് അദ്ദേഹം അനുസരിക്കുകയും ചെയ്തുവെന്നും ഷമ പറഞ്ഞു. സ്ത്രീകൾക്ക് ഇത്തരം കാര്യങ്ങൾ തുറന്ന്പറയാനുള്ള ബുദ്ധിമുട്ട് ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് മനസിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഷമ മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞത്:

'യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആരോപണങ്ങൾ ഉയർന്ന സമയം, ഒരു പരാതിയോ എഫ്‌ഐആറോ രജിസ്റ്റർ ചെയ്യാതെ തന്നെ സ്ഥാനം ഒഴിയാൻ പാർട്ടി ആവശ്യപ്പെട്ടു. അത് അനുസരിച്ച് രാഹുൽ രാജിവച്ചു.

ഹത്രാസ് സംഭവത്തിൽ ആ പ്രദേശത്ത് ആദ്യം എത്തിയത് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്. സംഭവത്തിൽ സിബിഐ അന്വേഷണം പോലും ഉണ്ടായത് അവരുടെ ഇടപെടൽ മൂലമാണ്. ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ കാര്യത്തിൽ ആറു മാസത്തോളം ഗുസ്തിതാരങ്ങൾ പ്രതിഷേധിച്ചിട്ടും എം പി സ്ഥാനമോ അധ്യക്ഷ സ്ഥാനമോ രാജിവെച്ചില്ല. എഫ്‌ഐആർ ഉണ്ടായിരുന്ന പൊലീസിൽ പരാതി വരെ ഉണ്ടായിരുന്ന കേസായിരുന്നു അത്. കോൺഗ്രസ് പാർട്ടിയുടെ നിലപാട് അത്തരത്തിലല്ല. പല സ്ത്രീകളും പരാതി ഉന്നയിച്ച സ്ഥിതിക്ക് നടപടി ഉണ്ടാകും. ബിജെപിക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനുള്ള യോഗ്യതയില്ല. ബിൽക്കിസ് ബാനു സംഭവത്തിൽ പ്രതികളെ മാലയിട്ട് സ്വീകരിച്ച ബിജെപിക്ക് ഒന്നും പറയാൻ അവകാശമില്ല. രാഹുലിനെതിരെ നടപടിയെടുക്കേണ്ടത് പാർട്ടിയാണ്. ഒരു സ്ത്രീ എന്ന നിലയിൽ മറ്റ് സ്ത്രീകൾക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കാൻ സാധിക്കും. ഒരു സ്ത്രീക്ക് നേരെയും ഇത്തരം കാര്യങ്ങൾ ഉണ്ടാവാൻ പാടില്ല.' എന്നായിരുന്നു ഷമ മുഹമ്മദിൻ്റെ പ്രതികരണം.

ഗർഭഛിദ്രത്തിന് നി‍ർബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളും രാഹുലിനെതിരെ രം​ഗത്ത് വന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ അടിയന്തരമായി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നായിരുന്നു ഉമാ തോമസ് എംഎല്‍എയുടെ പ്രതികരണം. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും ഉമാ തോമസ് എംഎല്‍എ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമയും പ്രതികരിച്ചിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. സണ്ണി ജോസഫ് നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. രാഹുല്‍ വിഷയത്തില്‍ മുസ്ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെയ്ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായാല്‍ ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടിവരും. ഇന്ന വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Shama Mohamed, Congress Spokeperson about party stand on Palakkad MLA Rahul Mamkootathil

dot image
To advertise here,contact us
dot image