
കുവൈത്തില്‍ മദ്യ, മയക്കുമരുന്നു മാഫിയക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. മൂന്ന് മാസത്തിനിടെ കോടിക്കണക്കിന് ദിനാറിന്റെ മദ്യവും മയക്കുമരുന്നുമാണ് രാജ്യത്ത് നിന്ന് പിടിച്ചെടുത്തത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ മയക്കുമരുന്നു മദ്യവും പിടിച്ചെടുത്തത്. കോടിക്കണക്കിന് കുവൈത്തി ദിനാറാണ് ഇവക്ക് കണക്കാക്കുന്ന വില.
രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന ശൃംഖലയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഡി.സി.ജി.ഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബസര്‍ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഷെയ്ഖ് ഹമദ് അല്‍ യൂസഫ് അല്‍ സബാഹ് എന്നിവര്‍ പരിശോധകള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന തുടരുകയാണ്.
ലഹരിയുടെ ഉപയോഗത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമായാണ് തുടര്‍ച്ചയായ പരിശോധനകളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തുന്ന ലഹരി മാഫിയക്ക് എതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതും ഉപയോഗിക്കുന്നതും ഒരുപോലെ കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Ministry of Interior steps up action against alcohol and drug mafia in Kuwait