
കേരള ക്രിക്കറ്റ് ലീഗ് സീസണിൽ ആദ്യവിജയം സ്വന്തമാക്കി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ട്രിവാൻഡ്രം റോയൽസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് വിജയം സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനാണ് ട്രിവാൻഡ്രം പരാജയം വഴങ്ങിയത്. മൂന്ന് മത്സരങ്ങളിൽ റോയല്‍സിന്റെ രണ്ടാം തോല്‍വിയാണിത്.
ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ഒരുഓവർ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ അർധ സെഞ്ച്വറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അഖിൽ സ്‌കറിയയാണ് കളിയിലെ താരം.
174 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കാലിക്കറ്റിന് നാലാം വിക്കറ്റിലെ അഖില്‍ സ്‌കറിയ-സല്‍മാന്‍ നിസാര്‍ കൂട്ടുക്കെട്ടാണ് വിജയം സമ്മാനിച്ചത്. 106 റണ്‍സാണ് ഈ അപരാജിത കൂട്ടുക്കെട്ട് കാലിക്കറ്റിന് സമ്മാനിച്ചത്. അഖില്‍ 32 പന്തില്‍ 68 റണ്‍സെടുത്തും, സല്‍മാന്‍ 34 പന്തില്‍ 51 റണ്‍സുമായും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയില്‍ കാലിക്കറ്റ് തകര്‍ച്ച നേരിടുമ്പോഴാണ് അഖില്‍-സല്‍മാന്‍ കൂട്ടുക്കെട്ട് കാലിക്കറ്റിനെ വിജയവഴിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മൂന്ന് വിക്കറ്റുകള്‍ പിഴുത അഖില്‍ തന്റെ ഓള്‍ റൗണ്ട് മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തു.
മറുപടി ബാറ്റിങിന് ഇറങ്ങിയ കാലിക്കറ്റിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സെത്തിയപ്പോഴേക്കും ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. ആറ് പന്തില്‍ 12 റണ്‍സെടുത്ത രോഹനെ വിനില്‍ ടിഎസ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ എം അജ്‌നാസിനും തിളങ്ങാനായില്ല. 12 പന്തില്‍ അഞ്ച് റണ്‍സെടത്ത അജ്‌നാസിനെ വി അജിത്ത് എല്‍ബിഡബ്ല്യുവില്‍ കുരുക്കി. അധികം വൈകാതെ ഓപ്പണര്‍ സച്ചിന്‍ സുരേഷിനെയും അജിത്ത് വീഴ്ത്തിയതോടെ കാലിക്കറ്റ് പരുങ്ങലിലായി.
32 പന്തില്‍ 28 റണ്‍സാണ് സച്ചിൻ അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ഒത്തുചേര്‍ന്ന അഖിലും സല്‍മാനും കാലിക്കറ്റിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 19-ാം ഓവറില്‍ കാലിക്കറ്റ് വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദിന്റെ ബാറ്റിങ് കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ട്രിവാന്‍ഡ്രം റോയല്‍സ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. കൃഷ്ണ പ്രസാദ് 54 പന്തില്‍ 78 റണ്‍സെടുത്തു.
Content Highlights: Kerala Cricket League: Calicut Globstars beats Trivandrum Royals by 7 Wickets