
കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് സിനിമയുടെ നിർമാണം. സിനിമയുടെ ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖർ പങ്കെടുത്ത ട്രെയ്ലർ ലോഞ്ചിൽ രമേഷ് പിഷാരടി മമ്മൂക്കയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശ്രമ വേളയിലും മമ്മൂട്ടി ഏറ്റവും കൂടുതൽ അന്വേഷിച്ചിരുന്നത് ലോക സിനിമയുടെ കാര്യങ്ങളാണെന്ന് പിഷാരടി പറഞ്ഞു.
'സിനിമയുടെ ട്രെയ്ലർ കണ്ട് അത്ഭുതത്തോടെയാണ് നിൽക്കുന്നത്. ദുൽഖറാണ് സിനിമയുടെ നിർമാണം. കോവിഡിന് ശേഷം മമ്മൂക്ക സിനിമ ചെയ്യാതിരുന്നത് ഈ അടുത്ത കാലയളവിലാണ്. അദ്ദേഹത്തിന്റെ ആ വിശ്രമ സമയത്ത് ഏറ്റവും കൗതുകത്തോടെ നോക്കിയിരുന്നത് ഈ സിനിമയുടെ വളർച്ചയാണ്. ഓരോ ഘട്ടങ്ങളിലും സിനിമയുടെ കാര്യങ്ങൾ അദ്ദേഹം ചോദിക്കുമായിരുന്നു.
നമ്മുക്കിടയിൽ നടക്കുന്ന ആളുകളെ കുറിച്ചും സ്വാഭാവിക കഥ എല്ലാം പറയാൻ പറ്റും. എന്നാൽ ഇത്രയധികം വിഷ്വലുകൾ കുമിഞ്ഞു കൂടുന്ന കാലഘട്ടത്തിൽ എങ്ങനെയാണ് ഒരു പുതിയ കാഴ്ച ഉണ്ടാക്കുക, കഥ ഉണ്ടാക്കുക എന്നെല്ലാം എല്ലാവരും തല പുകഞ്ഞു ആലോച്ചിക്കുന്ന സമയത്ത് തീർത്തും പുതിയൊരു കഥ ഉണ്ടാക്കിയ സംവിധായകൻ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയം ആശംസിക്കുന്നു,' രമേശ് പിഷാരടി പറഞ്ഞു.
ഓണം റിലീസായി ആഗസ്റ്റ് 28 ന് സിനിമ ആഗോള തലത്തിൽ റിലീസ് ചെയ്യും. ഒരു സൂപ്പർ ഹീറോ കഥാപാത്രം ആയാണ് കല്യാണി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. കല്ല്യാണി പ്രിയദർശനും നസ്‌ലെനും പുറമെ, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും സിനിമയിൽ നിർണ്ണായക വേഷത്തിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ് തുടങ്ങിയവരാണ് സിനിമയുടെ അണിയറപ്രവർത്തകർ.
Content Highlights: Ramesh Pisharody About Mammootty in Lokah Movie Trailer Launch