
പാട്ന: വിവാഹം കഴിക്കണമെന്ന ആർജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവിൻ്റെ മുൻ നിർദ്ദേശത്തിൽ ചർച്ചകൾ നടന്നുവരികയാണെണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമാശരൂപേണയായിരുന്നു രാഹുലിൻ്റെ പ്രതികരണം.'വോട്ടർ അധികാർ യാത്ര'യ്ക്കിടെ ബിഹാറിലെ അരാരിയ ജില്ലയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു രാഹുലിൻ്റെ പരാമർശം. തേജസ്വി യാദവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനോട് വിവാഹം കഴിക്കുന്നത് പരിഗണിക്കാൻ ഉപദേശിച്ചതിന് ശേഷമായിരുന്നു രാഹുലിൻ്റെ പ്രതികരണം. രണ്ട് വർഷം മുമ്പ് തേജസ്വി യാദവിന്റെ പിതാവിൽ നിന്ന് സമാനമായ ഒരു നിർദ്ദേശം തനിക്കും ലഭിച്ചതായി അനുസ്മരിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ദേശീയ പാർട്ടിയെ പ്രാദേശിക സംഘടനയുടെ പങ്കാളി എന്ന് വിശേഷിപ്പിച്ച് ആർജെഡിയും കോൺഗ്രസും തമ്മിൽ വിള്ളൽ വീഴ്ത്താൻ ചിരാഗ് പാസ്വാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് തേജസ്വി യാദവിനോടുള്ള ഒരു പത്രപ്രവർത്തകന്‍റെ ചോദ്യമാണ് രാഹുൽ ഗാന്ധിയുടെ രസകരമായ പരാമർശത്തിന് വഴിതെളിച്ചത്. ഒരു പാർട്ടിയുടെ മാത്രമല്ല ഒരു വ്യക്തിയുടെയും ഹനുമാനാണെന്ന ചിരാഗ് പസ്വാൻ്റെ അവകാശവാദങ്ങളെ കളിയാക്കിക്കൊണ്ടായിരുന്നു തേജസ്വി യാദവ് മറുപടി. ചിരാഗ് പാസ്വാന്റെ വാദത്തിന് ഞാൻ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാം എന്നും തേജസ്വി യാദവ് ആമുഖമായി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ വിശ്വസ്തതയെ ഹനുമാൻ്റെ രാമനോടുള്ള ഭക്തിയുമായി താരതമ്യം ചെയ്ത ചിരാഗ് പസ്വാൻ്റെ പരാമർശത്തെ പരിഹസിച്ചു കൊണ്ടായിരുന്നു തേജസ്വി യാദവിൻ്റെ മറുപടി. ചിരാഗ് പാസ്വാനുമായുള്ള തർക്കത്തിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അദ്ദേഹത്തെ ഞാൻ ഒരു ജ്യേഷ്ഠനായി കണക്കാക്കുന്നു. വിവാഹം കഴിക്കാൻ മാത്രമേ ഞാൻ ഉപദേശിക്കൂ. ഇപ്പോൾ സമയമായി എന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
ഇതോടെയാണ് മൈക്ക് കൈയിലെടുത്ത് രസകരമായ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നത്. 'ആ ഉപദേശം എനിക്കും ബാധകമാണ്. അദ്ദേഹത്തിന്റെ പിതാവുമായി ചർച്ചകൾ നടക്കുന്നുണ്ട്' എന്നായിരുന്നു രാഹുൽ പറഞ്ഞത്. രണ്ട് വർഷം മുമ്പ് പട്‌നയിൽ നടന്ന ഒരു പത്രസമ്മേളനത്തെ അനുസ്മരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ രസകരമായ ഈ പരാമർശം. 'രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഞങ്ങൾ പ്രേരിപ്പിക്കും. അത് അദ്ദേഹത്തിന്റെ അമ്മയുടെ (സോണിയ ഗാന്ധി) ആത്മാർത്ഥമായ ആഗ്രഹമാണ്. അദ്ദേഹത്തെ 'ദുൽഹ' (വരൻ) ആയി കാണാനും 'ബറാത്ത്' (വിവാഹ ഘോഷയാത്ര)യിൽ പങ്കെടുക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു' എന്നായിരുന്നു അന്ന് നടന്ന പത്രസമ്മേളനത്തിൽ ലാലു പ്രസാദ് യാദവ് പറഞ്ഞത്. പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായിരുന്ന നിതീഷ് കുമാറും അന്നത്തെ വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു സഖ്യം അധികാരത്തിൽ വന്നാൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിന് ആർജെഡി മേധാവി അംഗീകാരം നൽകിയതായാണ് അന്ന് ഈ പരാമർശത്തെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാഖ്യാനിച്ചത്.
Content Highlights: Talks are on Rahul Gandhi On Tejashwi Yadav's Marriage Tip For Minister