
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. 'ഖദര്‍ ഒരു അച്ചടക്കം' എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വില്‍പ്പന ഓര്‍മ്മപ്പെടുത്തിയുള്ള പോസ്റ്റ്. പുതുതലമുറ കോണ്‍ഗ്രസ് നേതാക്കള്‍ ഖദര്‍ ഉപയോഗിക്കാത്തതിനെ അജയ് തറയില്‍ വിമര്‍ശിച്ചിരുന്നു.
ഖദര്‍ ഒരു സന്ദേശമാണെന്നും ഖദര്‍ ധരിക്കാത്തത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നുമായിരുന്നു അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ വസ്ത്രം ഏതായാലും മനസ്സ് നന്നായാല്‍ മതിയെന്ന നിലയിലായിരുന്നു ഇതിനോടുള്ള നേതാക്കളുടെ പ്രതികരണം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം യുവതികളുടെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ ഘട്ടത്തിലാണ് ഒളിയമ്പുമായി അജയ് തറയില്‍ രംഗത്തെത്തുന്നത്.
അജയ് തറയില്‍ ഖദറിനെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചത്,
'യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം…ഖദര്‍ വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വം. ഖദര്‍ ഒരു വലിയ സന്ദേശമാണ്, ആദര്‍ശമാണ്, മുതലാളിത്തത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ്. ഖദര്‍ ഇടാതെ നടക്കുന്നതാണ് ന്യൂജെന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്, അത് അനുകരിക്കരുത്. കാപട്യമാണ്. നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നത്?' എന്നായിരുന്നു അജയ് തറയില്‍ ചോദിച്ചത്.
രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്ത്രീ പീഡനക്കേസില്‍ പ്രതിയായ എംഎല്‍എമാര്‍ രാജിവെക്കാത്തത് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ പക്ഷം ഇത് പ്രതിരോധിക്കുന്നത്. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് നിര്‍ണായകമാകും.
Content Highlights: Ajay Tharayil khaadi post amid rahul Mamkootathil Controversy