
ന്യൂഡൽഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തെ ചൊല്ലി നടക്കുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന് കേന്ദ്രത്തിന് സംശയം. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്.
ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് തുടരുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടർ നടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ വിഷയത്തിലേക്ക് കടന്നുവന്നത്. നിമിഷപ്രിയക്ക് വേണ്ടി ആക്ഷൻ കൗൺസിൽ ഒരുഭാഗത്ത് ശക്തമായ ഇടപെടൽ നടത്തുമ്പോൾ പോളിന് പിന്തുണ നൽകുന്ന സമീപനമാണ് നിമിഷപ്രിയയുടെ ഭാർത്താവ് ടോമി സ്വീകരിക്കുന്നത്. അതിനാൽ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു.
ആക്ഷൻ കൗൺസിലിനെതിരെ നിലപാട് സ്വീകരിക്കുന്ന ആളാണ് കെ എ പോൾ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളിൽ നിന്ന് കാന്തപുരത്തേയും അഡ്വ. സുഭാഷ് ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട് കെ എ പോൾ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തിൽ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ് ആക്ഷൻ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കെ എ പോൾ പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തതിൽ വിദേശകാര്യമന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും ഇയാൾ ചോദിച്ചിരുന്നു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്തുകൊണ്ട് നിമിഷപ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും കെ എ പോൾ ചോദിച്ചിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ എ പോൾ വ്യാജപണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കെ എ പോൾ തള്ളിക്കളയുകയാണ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂലൈ 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. എന്നാൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ച് നടത്തിയ ഇടപെടലിനെ തുടർന്ന് വധശിക്ഷ മാറ്റിവെക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യെമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യെമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.
യെമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയത്.
Content Highlights: center suspects scam involving crores being collected in connection with Nimishapriya's release