അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ നടപടി; ഹൈക്കോടതിയെ സമീപിക്കാൻ എഡിജിപി എം ആർ അജിത് കുമാർ

കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചു എന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാണിക്കും

dot image

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്ലിന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍. വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം.

കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചു എന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാണിക്കും. കീഴുദ്യോഗസ്ഥന്‍, കീഴുദ്യോഗസ്ഥനാണോ എന്നതിലല്ല കാര്യമെന്നും അന്വേഷണത്തിന് പ്രാപ്തനാണോ എന്നതാണ് വിഷയം. മാത്രവുമല്ല ക്രിമിനല്‍ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാല്‍ മതിയെന്നും അജിത് കുമാര്‍ പറയുന്നു. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാല്‍ എന്ത് ചെയ്യും? ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ ഡിജിപി അന്വേഷണം നടത്തിയാലും അത് കീഴുദ്യോഗസ്ഥനായി മാത്രമേ വിലയിരുത്തുകയുള്ളൂ എന്നും എം ആര്‍ അജിത് കുമാര്‍ വാദിക്കും. തെളിവുകളുടെ അഭാവത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്ന വാദം ശരിയല്ല. നിരവധി സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സബ് രജിസ്ട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ട്. പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്റെ കൈയില്‍ തെളിവുകളില്ലെന്നും എം ആര്‍ അജിത് കുമാര്‍ വാദിക്കും. ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് തന്നെ കുറ്റവികുക്തനാക്കണമെന്നും അജിത് കുമാര്‍ ആവശ്യപ്പെടും. അതിനിടെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിനെതിരെന്ന് സര്‍ക്കാര്‍ വാദം.

കവടിയാറിലെ ആഡംബര വീട് നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ച് പി വി അന്‍വറായിരുന്നു അജിത് കുമാറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ നെയ്യാറ്റിന്‍കര സ്വദേശിയായ അഭിഭാഷകന്‍ നാഗരാജുവും അജിത് കുമാറിനെതിരെ പരാതി നല്‍കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിനെതിരെ വ്യക്തമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ ഹര്‍ജി വിജിലന്‍സ് കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടായിരുന്നു റിപ്പോര്‍ട്ട്.

അജിത് കുമാര്‍ നല്‍കിയ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍ അതേപടി പകര്‍ത്തിയിരുന്നു. പരാതിക്കാരന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കോടതി വിലയിരുത്തിയിരുന്നു. ഇതിനെതിരെയാണ് അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights- M R Ajith kumar will file appeal against vigilance court on clean chit report in HC

dot image
To advertise here,contact us
dot image