രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; രാജിയില്‍ സമ്മര്‍ദ്ദം ശക്തം

വരും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു

dot image

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. എംഎല്‍എ പദവി രാഹുല്‍ രാജിവെക്കണമെന്നാണ് ആവശ്യം. രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.

വരും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്ത്രീ പീഡനക്കേസില്‍ പ്രതിയായ എംഎല്‍എമാര്‍ രാജിവെക്കാത്തത് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ പക്ഷം ഇത് പ്രതിരോധിക്കുന്നത്. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് നിര്‍ണായകമാകും.

ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ തുടര്‍ച്ചയായതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജിവേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. ഇരയായ യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിക്കുകയും കൊലപ്പെടുത്തുമെന്നും പറയുന്ന ശബ്ദരേഖ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു.

റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട തെളിവുകളില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനുബന്ധ തെളിവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കും. ലൈംഗിക ആരോപണത്തില്‍ ബാലാവകാശ കമ്മിഷനും റിപ്പോര്‍ട്ട് തേടി. നിയമ വിരുദ്ധമായി ഗര്‍ഭഛിദ്രം നടന്നോ എന്ന് അന്വേഷിക്കാന്‍ ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.

Content Highlights: congress Demanded that Rahul Mamkootathil resigns from MLA post

dot image
To advertise here,contact us
dot image