കോഴിക്കോടിന് രക്ഷയില്ല! കെസിഎല്ലിൽ തൃശൂർ ടൈറ്റൻസിന് രണ്ടാം ജയം

ടൂർണ്ണമെന്റിൽ ടൈറ്റൻസിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്

dot image

കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഒമ്പത് റൺസിന് തോൽപിച്ച് തൃശൂർ ടൈറ്റൻസ്. ടൂർണ്ണമെന്റിൽ ടൈറ്റൻസിന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് മാത്രമാണ് നേടാനായത്. സീസണിലെ ആദ്യ സെഞ്ച്വറിയുമായി തകർത്തടിച്ച അഹ്‌മദ് ഇമ്രാന്റെ പ്രകടനമാണ് തൃശൂരിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. അഹ്‌മദ് ഇമ്രാൻ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

കെസിഎൽ ചരിത്രത്തിലെ തന്നെ മികച്ചൊരു ഇന്നിങ്‌സായിരുന്നു അഹ്‌മദ് ഇമ്രാന്റേത്. ഇമ്രാന്റെ അനായാസ സുന്ദരമായ ബാറ്റിങ് കാണികൾക്ക് അവേശ നിമിഷങ്ങൾ തന്നെ സമ്മാനിച്ചു. വെറും 24 പന്തുകളിൽ അൻപത് തികച്ച താരം 54 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി. പേസ് സ്പിൻ വ്യത്യാസമില്ലാതെ, നേരിട്ട എല്ലാ ബൗളർമാരെയും അഹ്‌മദ് ഇമ്രാൻ അതിർത്തി കടത്തി. ഇന്നിങ്‌സിന്റെ തുടക്കത്തിൽ ഇബ്‌നുൾ അഫ്താബിന്റെ പന്ത് ഹെൽമെറ്റിൽ കൊണ്ടെങ്കിലും കൂസാതെ ബാറ്റിങ് തുടരുകയായിരുന്നു ഇമ്രാൻ. സ്വീപ്പും റിവേഴ്‌സ് സ്വീപ്പും, കട്ടും അപ്പർ കട്ടും അടക്കം എല്ലാ ഷോട്ടുകളും പായിച്ച ഇമ്രാൻ യോർക്കർ ലെങ്ത് പന്തുകളെപ്പോലും അനായാസം അതിർത്തി കടത്തി. ഒടുവിൽ 18ആം ഓവറിലായിരുന്നു താരം സെഞ്ച്വറി തികച്ചത്.

ഇമ്രാനൊപ്പം ഇന്നിങ്‌സ് തുറന്ന ആനന്ദ് കൃഷ്ണൻ ഏഴ് റൺസുമായി തുടക്കത്തിൽ തന്നെ മടങ്ങി. എന്നാൽ ഷോൺ റോജർക്കൊപ്പം ചേർന്ന് രണ്ടാം വിക്കറ്റിൽ അഹ്‌മദ് ഇമ്രാൻ 75 റൺസ് കൂട്ടിച്ചേർത്തു. 26 പന്തുകളിൽ ആറ് ഫോറടക്കം 35 റൺസെടുത്ത ഷോൺ റോജറെ മോനു കൃഷ്ണ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ അക്ഷയ് മനോഹറും മികച്ച റൺറേറ്റ് നിലനിർത്തും വിധം ബാറ്റ് വീശി. 15 പന്തുകളിൽ അക്ഷയ് മനോഹർ 22 റൺസ് നേടി. സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം അഖിൽ സ്‌കറിയയെ ഉയർത്തിയടിക്കാൻ ശ്രമിച്ച അഹ്‌മദ് ഇമ്രാൻ രോഹൻ കുന്നുമ്മൽ പിടിച്ച് പുറത്താവുകയായിരുന്നു. 55 പന്തുകളിൽ 11 ഫോറുകളും അഞ്ച് സിക്‌സും അടക്കമാണ് ഇമ്രാൻ 100 റൺസ് നേടിയത്. അവസാന ഓവറുകളിൽ രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം12 പന്തുകളിൽ നിന്ന് 24 റൺസുമായി പുറത്താകാതെ നിന്ന എ കെ അർജുന്റെ ഇന്നിങ്‌സാണ് തൃശൂരിന്റെ ഇന്നിങ്‌സ് 200 കടത്തിയത്. കാലിക്കറ്റിന് വേണ്ടി അഖിൽ സ്‌കറിയ രണ്ടും അഖിൽ ദേവും മോനു കൃഷ്ണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ പോരാട്ടം അവസാന ഓവർ വരെ നീട്ടിയാണ് കാലിക്കറ്റ് കീഴടങ്ങിയത്. ആദ്യ മൂന്ന് ബാറ്റർമാർ ചെറിയ സ്‌കോറുകൾക്ക് പുറത്തായിട്ടും കാലിക്കറ്റ് ബാറ്റർമാർ പൊരുതിക്കയറി. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ സിക്‌സടിച്ചാണ് ഓപ്പണറായ സച്ചിൻ സുരേഷ് തുടങ്ങിയത്. എന്നാൽ സച്ചിനെയും രോഹൻ കുന്നുമ്മലിനെയും അഖിൽ സ്‌കറിയയെയും പുറത്താക്കി എം ഡി നിധീഷ് തൃശൂരിന് മികച്ച തുടക്കം നല്കി. മൂന്ന് വിക്കറ്റിന് 41 റൺസെന്ന നിലയിൽ ഒത്തുചേർന്ന എം അജ്‌നാസും സൽമാൻ നിസാറും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് പ്രതീക്ഷ നല്കി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ 15ആം ഓവറിൽ അജ്‌നാസിനെ പുറത്താക്കി സിബിൻ ഗിരീഷ് തൃശൂരിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 40 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 58 റൺസാണ് അജ്‌നാസ് നേടിയത്.

ഒരു വശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് കൂറ്റൻ ഷോട്ടുകളുമായി ബാറ്റിങ് തുടർന്ന സൽമാൻ നിസാറിലായിരുന്നു കാലിക്കറ്റിന്റെ പിന്നീടുള്ള പ്രതീക്ഷ. എന്നാൽ, 44 പന്തിൽ 77 റൺസെടുത്ത സൽമാൻ അവസാന ഓവറിലെ രണ്ടാം പന്തിൽ പുറത്തായത് ടീമിന് തിരിച്ചടിയായി. വിജയത്തിന് 10 റൺസ് അകലെ കാലിക്കറ്റിന്റെ ഇന്നിങ്‌സിന് അവസാനമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷും രണ്ട് വിക്കറ്റ് നേടിയ സിബിൻ ഗിരീഷുമാണ് തൃശൂരിന്റെ ബൌളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ തൃശൂരിന് നാല് പോയിന്റായി.

Content Highlioghts- Thrissur Titans win against Kozhikode Globstars in KCl Season 2

dot image
To advertise here,contact us
dot image