ഊന്നുകല്ലിലേത് കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകം; മൃതദേഹം തിരിച്ചറിഞ്ഞു; സുഹൃത്ത് ഒളിവിൽ

18 നാണ് ശാന്ത വേങ്ങൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്

dot image

കോതമംഗലം: ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം. ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ ആഭരണങ്ങളില്‍ ഒന്‍പത് പവന്‍ സ്വർണ്ണം നഷ്ടമായിരുന്നു. നഷ്ടമായ സ്വര്‍ണ്ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായും വിവരം ഉണ്ട്.

കേസില്‍ പ്രതി ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് വിവരം. ഈ സൗഹൃദം മുതലെടുത്ത് കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണ് രാജേഷ് നടത്തിയത്. രാജേഷ് ഒളിവിലാണ്.

കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കള ഭാഗത്ത് മാലിന്യസംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. രാജേഷിന്റെ കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോതമംഗലത്തെ ഹോട്ടലില്‍ കുക്ക് ആണ് രാജേഷ്. വെള്ളിയാഴ്ച രാവിലെ ഹോട്ടലില്‍ എത്തിയ രാജേഷ് പൊലീസ് എത്തുംമുമ്പ് സ്ഥലം വിടുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ആശുപത്രിയില്‍ പോകണം എന്നും പറഞ്ഞായിരുന്നു രാജേഷ് അവിടം വിട്ടത്.

18 നാണ് ശാന്ത വേങ്ങൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വേങ്ങൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിക്ക് പോയിരുന്നു. പിന്നീടാണ് ശാന്തയെ കാണാതാവുന്നത്. തുടര്‍ന്ന് 20 ന് ശാന്തയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാന്തയുടെ കഴുത്തിന്റെ ഭാഗത്ത് തൈറോയ്ഡ് ചികിത്സക്കായി നടത്തിയ പാട് കണ്ടാണ് മകനും മകളും മൃതദേഹം തിരിച്ചറിഞ്ഞത്.

Content Highlights: oonnukal santha murder for the purpose of robbery

dot image
To advertise here,contact us
dot image