
ജീവിതത്തിലെ പ്രതിസന്ധിഘടങ്ങളില്‍ മനസിനെ ശാന്തമാക്കാന്‍ ഒരു യാത്ര ചെയ്യുന്നത് മികച്ച തീരുമാനമാണ്. ഇത് നിങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാടുകളും ജീവിതാനുഭവങ്ങളും നല്‍കിയേക്കാം. പലതരം സംസ്‌കാരങ്ങളും പൈതൃകങ്ങളും അടങ്ങിയിട്ടുള്ള ഇന്ത്യയില്‍ തന്നെ അത്തരത്തില്‍ നിരവധി സ്ഥലങ്ങളുണ്ട്. ഓരോ കോണിലും ഓരോ കഥ പറയുന്ന മനസിനെ പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഇന്ത്യയിലെ 5 സ്ഥലങ്ങള്‍ പരിചയപ്പെടാം.
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം കൂടിയ നഗരങ്ങളിലൊന്നാണ് വാരണാസി. 'ഇന്ത്യയുടെ ആത്മീയ ഹൃദയം' എന്നാണ് വാരണാസി അറിയപ്പെടുന്നത്. വാരണാസിയിലെ മണികര്‍ണിക ഘട്ടില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന ആരതി പൂജയും ശവസംസ്‌കാര ചടങ്ങളും നഗരത്തിന്റെ ജീവിതത്തോടും മരണത്തോടുമുള്ള സ്വീകാര്യതയെ ചൂണ്ടിക്കാട്ടുന്നു. വാരണാസിയിലെ തിരക്കേറിയ
ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോള്‍ നിങ്ങളുടെ ജീവിതത്തോടുള്ള മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുകയും വിചാരവീതി കുറേ കൂടി വിശാലമാകുകയും ചെയ്യുമെന്ന് യാത്രികര്‍ പറയുന്നു.
ഹിമാലയത്തിന്റെ ഉന്നതിയില്‍ സ്ഥിതി ചെയ്യുന്ന സ്പിതി വാലി ഏകാന്തതയുടെയും നക്ഷത്രങ്ങളുടെയും നാടായാണ് അറിയപ്പെടുന്നത്.
പ്രകാശ മലിനീകരണത്തില്‍ നിന്നും നഗര കേന്ദ്രങ്ങളില്‍ നിന്നും വളരെ അകലെ മാറി ഉയര്‍ന്ന പ്രദേശത്താണ് സ്പിതി സ്ഥിതി ചെയ്യുന്നത്. പ്രകാശ മലിനീകരണം കുറവായത് കൊണ്ട് നക്ഷത്രങ്ങളെ വ്യക്തമായി കാണാനാകുമെന്നത് സ്പിതിയുടെ പ്രത്യേകതയാണ്. ഇവിടെ നെറ്റവര്‍ക്ക് കണക്ടിവിറ്റി കുറവായതുകൊണ്ട് തിരക്കേറിയ ഓണ്‍ലൈന്‍ ജീവിതത്തില്‍ നിന്ന് നിങ്ങളെ ഡിസ്‌കണക്ട് ചെയ്യാൻ സഹായിക്കും. ശാന്തതയും നക്ഷത്രനിരീക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപോലെ അനുയോജ്യമായ സ്ഥലമാണിത്.
1968ല്‍ ഒരു അന്താരാഷ്ട്ര സമൂഹമായി സ്ഥാപിതമായ തമിഴ്നാട്ടിലെ ഓറോവില്‍ മനുഷ്യ ഐക്യത്തിനായി സമര്‍പ്പിച്ചിരിക്കുന്ന സ്ഥലമാണ്. 50-ലധികം ദേശീയതകളില്‍ നിന്നുള്ള ആളുകള്‍ മതപരമോ രാഷ്ട്രീയമോ ആയ വേര്‍തിരിവുകളില്ലാതെ ഇവിടെ താമസിക്കുന്നു. ഇവിടുത്തെ മാത്രിമന്ദിരം വളരെ പ്രശസ്തമാണ്. ഐക്യത്തിലും സഹകരണത്തിലുമാണ് ഇവിടുത്തെ ജീവിതം മുന്നോട്ട് പോകുന്നത്. ഇത് വ്യത്യസ്തമായ ഒരു ലോകത്തിനായുള്ള ഒരു ബ്ലൂപ്രിന്റ് വാഗ്ദാനം ചെയ്യുന്നു
വാരണാസിയില്‍ നിന്ന് ഒരു ചെറിയ ഡ്രൈവ് മാത്രം അകലെയുള്ള സാരാനാഥിലാണ് ഗൗതമ ബുദ്ധന്‍ ജ്ഞാനോദയത്തിനുശേഷം തന്റെ ആദ്യ പ്രഭാഷണം നടത്തിയത്. പുരാതന സ്തൂപങ്ങള്‍, ആശ്രമങ്ങള്‍, അശോക സ്തംഭം എന്നിവയാല്‍ ഈ സ്ഥലം ശാന്തമായി പ്രസരിക്കുന്നു. ശാന്തമായ പൂന്തോട്ടങ്ങളില്‍ ഇരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പാടങ്ങൾ, അനുകമ്പ, മനസ്സമാധാനം എന്നിവയുടെ കാലാതീതത നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.
തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന രാമേശ്വരം നാല് ചാര്‍ ധാം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. രാമന്‍ ലങ്കയിലേക്ക് രാമസേതു നിര്‍മ്മിച്ച സ്ഥലം എന്ന നിലയില്‍ ഇതിഹാസമായ രാമായണവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ നീണ്ട ഇടനാഴികളും പുണ്യജലവും ഇവിടുത്തെ പ്രത്യേകതകളാണ്. വിശ്വാസത്തിൻ്റെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് രാമേശ്വരത്തെ കാണുന്നത്.
Content Highlights- Why not visit these five places in India that could change your life?