
പാലക്കാട്: സിപിഐഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം നിൽക്കുന്ന സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേയെന്നും 1996-ൽ താൻ കണ്ട ഇന്ദ്രപ്രസ്ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്ന് അവർ പരിഹസിച്ചു. അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യവും കൂടി അവർ മുന്നോട്ടുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ…
അയ്യേ… അയ്യയ്യേ… എന്തുവാടെ?
എന്ന പണ്ണി വെച്ചിരിക്കെ???! 🙄🙄
ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല…
ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ?
1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്…
അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം…
പെട്ടെന്ന് തന്നെ…
പണി കൂടാൻ പോകുകയല്ലേ… അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണം…
എന്ന്
ഒരു അഭ്യൂദയകാംക്ഷി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നിരവധി ആരോപണങ്ങൾ തെളിവുസഹിതം പുറത്തുവന്നതിന് പിന്നാലെ സരിൻ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ വനിതാ കമ്മീഷൻ ഇടപെട്ടു. റിപ്പോർട്ടർ പുറത്തുവിട്ട തെളിവുകളിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. അനുബന്ധ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടക്കും. യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.
യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോൾ തന്നെ അയാൾ തന്നോട് മോശമായി പെരുമാറി. അപ്പോൾ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയേഴ്സ്' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവർക്കും ഹു കെയേഴ്സ് എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നൽകിയിരുന്നില്ല. ആ നേതാവ് ഉൾപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.
ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി.
പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന യുവതിയുടെ ഫോൺ സംഭാഷണവും ചാറ്റും അടക്കം റിപ്പോർട്ടർ പുറത്തുവിടുന്നത്. ഗുരുതര ആരോപണമായിരുന്നു രാഹുലിനെതിരെ യുവതി ഉയർത്തിയത്. കടുത്ത പ്രതിരോധത്തിലാവുകയും ഹൈക്കമാൻഡ് കൈയൊഴിയുകയും ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.
Content Highlights: Sarin's wife Soumya mocks edited photos of sarin with actress Rini circulating online