വല്ലതുമൊക്കെ വാരിച്ചുറ്റിയാൽ ആളുകൾ നോക്കി കമന്റടിച്ചെന്നിരിക്കും, കാരണവന്മാർ നോക്കണം: സജി മഞ്ഞക്കടമ്പിൽ

ഒരു പീഡനമുണ്ടായാല്‍ മാന്യരായ സ്ത്രീകള്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ

dot image

കോട്ടയം: സ്ത്രീവിരുദ്ധവും അതിജീവിതമാരെ അപമാനിക്കുന്നതുമായ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോർഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിൽ. സ്ത്രീകള്‍ ലൈംഗിക ചുവയോടെ നോക്കി എന്ന് പറഞ്ഞാല്‍ കേസെടുക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അല്‍പ വസ്ത്രധാരികളായി സ്ത്രീകള്‍ വഴിയിലേക്ക് ഇറങ്ങുകയാണ്. കാരണവന്മാര്‍ അത് നോക്കണമെന്നും സജി പറഞ്ഞു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സജിയുടെ പ്രതികരണം.

'മലയാളി പെണ്‍പിള്ളേര്‍ നടക്കുന്ന രീതിയില്‍ നടക്കണം. വല്ലതുമൊക്കെ വാരിച്ചുറ്റി ബാക്കിയൊക്കെ പ്രദര്‍ശിപ്പിച്ചു നടന്നാല്‍ ആളുകള്‍ നോക്കി എന്നിരിക്കും, കമന്റ് അടിച്ച് എന്ന് ഇരിക്കും. അതിനുള്ള സാഹചര്യം ഒഴിവാക്കണം. ഒരു സിനിമാ നടി രാഹുല്‍ ചാറ്റ് ചെയ്‌തെന്ന് പറഞ്ഞു. രാഹുലിന്റെ ചാറ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഫോണ്‍ ബ്ലോക്ക് ചെയ്താല്‍ മതി. ആവര്‍ത്തിക്കരുതെന്ന് പറയാം. മോശമുണ്ടെങ്കില്‍ പരാതി കൊടുക്കണ്ടേ', എന്നായിരുന്നു സജിയുടെ പരാമര്‍ശം.

ചാറ്റിംഗ് കണ്ട് സുഖിച്ചുകൊണ്ടിരുന്നു കാണുമെന്നും സജി പറഞ്ഞു. അതുകഴിഞ്ഞ് ചാനലിന് മുന്‍പില്‍ ഇരുന്ന് തന്നെ അപമാനിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും സജി അധിക്ഷേപിച്ചു. ഒരു സ്ത്രീയെ അപമാനിച്ചാല്‍ കേസെടുക്കണമെന്നും അതുപോലെ തന്നെയുള്ള അവകാശം പുരുഷന്മാര്‍ക്കും നല്‍കണമെന്ന് സജി പറഞ്ഞു.

'എല്ലാ പുരുഷന്മാരും മോശക്കാരല്ല, സ്ത്രീകളില്‍ വളരെ മോശക്കാരുണ്ട്. പക്ഷേ എല്ലാവരും അങ്ങനെയല്ല. ഒരു പീഡനമുണ്ടായാല്‍ മാന്യരായ സ്ത്രീകള്‍ അപ്പോള്‍ തന്നെ പ്രതികരിക്കും. പരാതി കൊടുക്കും. വര്‍ഷങ്ങളായി എല്ലാ തരത്തിലും ബന്ധപ്പെട്ടിട്ട്, 50 തവണ സൗഹൃദം പങ്കിട്ട്, 51ാമത്തെ തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത് എനിക്ക് മനസിലാകുന്നില്ല. പലരും അങ്ങനെയാണ് പീഡനം പറയുന്നത്. അതൊന്നും അംഗീകരിക്കാന്‍ പാടില്ല', അദ്ദേഹം പറഞ്ഞു.

ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്ന് വന്നാല്‍ അവരെ ജയിലില്‍ അടക്കുന്ന നിയമം വരണമെന്നും സജി കൂട്ടിച്ചേര്‍ത്തു. വിവാഹ വാഗ്ദാനം നല്‍കിയെന്ന് പറഞ്ഞാല്‍ പിള്ളേര് പറയുന്ന പോലുള്ള പരിപാടിയാണോ ചെയ്യേണ്ടതെന്നും സജി പറഞ്ഞു. എനിക്കും രണ്ട് പെണ്‍മക്കളാണ്. പെണ്‍കുട്ടികള്‍ സാമാന്യ മര്യാദയുള്ള വസ്ത്രം ഇടണം. നമ്മുടെ പിള്ളേരെ അഴിച്ച് വിട്ടാല്‍ ഇതൊക്കെ സംഭവിക്കുമെന്നും രണ്ട് വര്‍ഷം മുമ്പ് നടന്ന കാര്യം ഇന്നാണോ പറയേണ്ടതെന്നും സജി ചോദിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് സ്റ്റാറാകാന്‍ വേണ്ടി വര്‍ത്തമാനം നടത്തുന്ന പണി അവസാനിപ്പിക്കണമെന്നും സജി പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുലിനെ വെള്ളപൂശുന്നില്ലെന്നും രാഹുലിനെതിരായ ആക്ഷേപം ശരിയാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും സജി പറഞ്ഞു.

Content Highlights: Saji Manjakkadambil defamatory statement against women

dot image
To advertise here,contact us
dot image