കാസര്‍കോഡ് വീണ്ടും മുത്തലാഖ് പരാതി: ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറ്റില്‍ ചവിട്ടിയെന്നും മര്‍ദിച്ചെന്നും യുവതി

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും ഇബ്രാഹിം ബാദുഷ മര്‍ദിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം

dot image

കാസര്‍കോഡ്: കാസര്‍കോട് വീണ്ടും മുത്തലാഖ് പരാതി. ദേലംപാടി സ്വദേശി റാഫിദ (22) യെയാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഗുരുതരമായ ശാരീരിക മര്‍ദനമുണ്ടായെന്നും കുഞ്ഞിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്‌തെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവ് ഇബ്രാഹിം ബാദുഷ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ പോലും ഇബ്രാഹിം ബാദുഷ മര്‍ദിച്ചുവെന്നും വയറ്റില്‍ ചവിട്ടിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. യുവതിയുടെ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബളിഞ്ച പളളിയിലെ ഖത്തീബ് ആണ് ഇബ്രാഹിം ബാദുഷ.

ഈ വര്‍ഷം മാര്‍ച്ചില്‍ കാസര്‍ഗോഡ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ ഭര്‍ത്താവ് വാട്ട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയിരുന്നു. നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ്ആപ്പ് വഴി അയച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും 50 പവന്‍ ആവശ്യപ്പെട്ടു, 20 പവന്‍ വിവാഹ ദിവസം നല്‍കിയെന്നും സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭക്ഷണം പോലും തരാതെ തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് നിരന്തരം അസഭ്യം പറഞ്ഞുവെന്നും മുത്തലാഖ് ചൊല്ലി ബന്ധം ഒഴിവാക്കുമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞിരുന്നു.

Content Highlights: triple talaq complaint in kasargod

dot image
To advertise here,contact us
dot image