ഞങ്ങൾ എത്തുന്നു കേരളത്തിലേയ്ക്ക്: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോർട്ടർ ടിവിക്കും നന്ദി പറഞ്ഞ് AFA

നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം

dot image

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും അര്‍ജന്റീന ടീം അംഗങ്ങളും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട പ്രമോ വീഡിയോ പങ്കുവെച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഞങ്ങൾ കേരളത്തിലേയ്ക്ക് വരുന്നു എന്നറിയിച്ച് പങ്കുവെച്ചിരിക്കുന്ന പ്രമോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും റിപ്പോർട്ടർ ടി വിയ്ക്കും നന്ദി അറിയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രമോ വീഡിയോ എഎഫ്എ ഇന്ത്യ പങ്കുവെച്ചത്. 'അര്‍ജന്റീന ദേശീയ ടീം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി 2025 നവംബറില്‍ കേരളത്തിലെത്തും. ഒരുവര്‍ഷം മുന്‍പ് മാഡ്രിഡിലെ ഞങ്ങളുടെ ആസ്ഥാനത്തുവെച്ച് കേരളാ സര്‍ക്കാരുമായി ആരംഭിച്ച പദ്ധതിയാണിത്. ആഗോളതലത്തില്‍ കായിക മേഖലയുടെ വിപുലീകരണത്തിന് എഎഫ്എ പുതിയ അധ്യായം ആരംഭിക്കുകയാണ്'- എഎഫ്എ ഇന്ത്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. നവംബര്‍ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.

അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതായത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.

Content Highlights: Argentina team to arrive in Kerala: AFA India shares promo video

dot image
To advertise here,contact us
dot image