ഇത്ര വൃത്തികെട്ടവനെ എന്തിനാണ് ചുമക്കുന്നത്: യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ രാഹുലിനെതിരെ ശബ്ദസന്ദേശം

തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസ്സേജ് അയച്ചുവെന്ന് ജില്ലാ സെക്രട്ടറി ആഷിക് കരോട്ട് വിമർനം ഉന്നയിച്ചു

dot image

കൊച്ചി: രാഹുലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്‌യു പ്രവർത്തകർക്ക് രാഹുൽ മെസ്സേജ് അയച്ചുവെന്നാണ് ജില്ലാ സെക്രട്ടറി ആഷിക് കരോട്ട് വിമർശനം ഉന്നയിച്ചിരിക്കുന്നത്. അവർ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ച് പോയി. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ല. ന്യായീകരിക്കാൻ നമുക്ക് സമയമില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.

ജില്ലാ ഭാരവാഹികളിൽ 70% പേർക്കും പരിചയമുള്ള പെൺകുട്ടികൾക്ക് രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ചെറിയാൻ ജോർജ് പറഞ്ഞു. ഇത്ര വൃത്തികെട്ടവനെ എന്തിനാണ് നമ്മൾ ചുമക്കുന്നതെന്നും അദ്ദേഹം ശബ്ദ സന്ദേശത്തിലൂടെ ചോദിച്ചു.

മിണ്ടാൻ പാടില്ലല്ലോ, മിണ്ടിയാൽ ദന്തഗോപുരം ഇടിഞ്ഞുവീഴുമെന്നാണല്ലോ നിലപാട്. നമുക്ക് പൊതു പ്രവർത്തനത്തോട് ഇഷ്ടമുള്ളതുകൊണ്ടാണല്ലോ ഇതിനിറങ്ങിയത്. ഇതുപോലൊരുത്തനെയൊന്നും താങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവനെയൊക്കെ പിന്താങ്ങുന്ന കുറേ വൃത്തികെട്ടവൻമാരുണ്ടെന്നും ചെറിയാൻ ജോർജ് വിമർശിച്ചു.

Also Read:

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ വനിതാ കമ്മീഷൻ ഇടപെട്ടു. റിപ്പോർട്ടർ പുറത്തുവിട്ട തെളിവുകളിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. അനുബന്ധ തെളിവുകൾ ലഭിച്ചാൽ കൂടുതൽ നടപടികളിലേക്ക് കടക്കും. യുവ നേതാവിനെതിരെ മാധ്യമപ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു മാധ്യമപ്രവർത്തക പറഞ്ഞത്. സൗഹൃദത്തിലായി കുറച്ചുനാളായപ്പോൾ തന്നെ അയാൾ തന്നോട് മോശമായി പെരുമാറി. അപ്പോൾ തന്നെ അയാളോട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചു. 'ഹു കെയേഴ്സ്' എന്നതായിരുന്നു ആറ്റിറ്റിയൂഡ്. ഇതേപ്പറ്റി പല നേതാക്കളോടും പരാതിപ്പെട്ടിരുന്നു. അവർക്കും ഹു കെയേഴ്സ് എന്ന ആറ്റിറ്റിയൂഡായിരുന്നുവെന്നും റിനി പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലാണോ ആ നേതാവ് എന്ന ചോദ്യത്തിന് റിനി മറുപടി നൽകിയിരുന്നില്ല. ആ നേതാവ് ഉൾപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിലെ മറ്റ് നേതാക്കളുമായി നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് പേര് പറയുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇതിന് പിന്നാലെ മാധ്യമപ്രവർത്തക തുറന്നുകാട്ടിയ വ്യക്തി രാഹുൽ മാങ്കൂട്ടത്തിലാണെന്നുള്ള ആരോപണം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കർ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി.

പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന യുവതിയുടെ ഫോൺ സംഭാഷണവും ചാറ്റും അടക്കം റിപ്പോർട്ടർ പുറത്തുവിടുന്നത്. ഗുരുതര ആരോപണമായിരുന്നു രാഹുലിനെതിരെ യുവതി ഉയർത്തിയത്. കടുത്ത പ്രതിരോധത്തിലാവുകയും ഹൈക്കമാൻഡ് കൈയൊഴിയുകയും ചെയ്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുകയായിരുന്നു.

Content Highlights: District Secretary's voice message in Youth Ernakulam District Committee's WhatsApp group criticizing Rahul

dot image
To advertise here,contact us
dot image