
മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലേക്ക് ഒരു പുതിയ സിനിമയുമായി അണിയറപ്രവർത്തകർ. രശ്‌മിക മന്ദാനയും ആയുഷ്മാൻ ഖുറാനെയും പ്രധാന വേഷത്തിലെത്തുന്ന താമ ടീസർ പുറത്തിറങ്ങി. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ടീസർ കണ്ടിട്ട് ഒരു വാംപയർ കഥ ആയിരിക്കുമെന്നാണ് സൂചന.
നവാസുദ്ദീൻ സിദ്ദീഖി ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാഡോക്ക് യൂണിവേഴ്സിന്റെ മറ്റ് സിനിമകളുടെ കഥയുമായി ബന്ധമുള്ളത് ആയിരിക്കും. ഈ വർഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഹൊറർ ചിത്രങ്ങളിൽ ഒന്നാണ് താമ. സ്ത്രീ പോലെ ഹൊററിന് ഒപ്പം കോമഡിയും കലർത്തിയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.
മാഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ അഞ്ചാമത് ചിത്രമാണ് താമ. സ്ത്രീ, ഭേടിയാ, മുഞ്ജ്യ, സ്ത്രീ 2 എന്നിവയാണ് മറ്റു സിനിമകൾ. റിലീസ് ചെയ്ത് 10 ദിവസം കഴിഞ്ഞപ്പോൾ തന്നെ സ്ത്രീ 2 ആഗോളതലത്തിൽ 500 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇത്തവണ അമർ കൗഷിക്കിന് പകരം മുഞ്ജ്യ സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് താമ ഒരുക്കുന്നത്. ഈ വർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlights: Thama teaser out Rashmika and Ayushmann Khurrana in never seen before avatar