
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാലാം തീയതിയോടെ വിതരണം പൂർത്തിയാക്കും.
ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎൽ-എപിഎൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കും. പുതിയതായി പുറത്തിറക്കിയ സാധങ്ങൾ ഓണം പ്രമാണിച്ച് വലിയ വിലക്കുറവിൽ ലഭിക്കും. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്സ് എന്നീ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ കിട്ടും.
അടുത്ത മാസത്തെ സബ്സിഡി ഉൽപന്നങ്ങൾ ഈ മാസം 25 മുതൽ വിൽപ്പന തുടങ്ങും. വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചുകൊണ്ടു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണ്. 25-ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: onam kit distribution starts from 26th