മലയാളി കന്യാസ്ത്രീകളുടെ മോചനം; വിഷയം കൈകാര്യം ചെയ്തതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് വിമർശനം

വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു

dot image

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്തതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. വിഷയം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം അമിതാവേശം കാണിച്ചു. മറ്റ് പരിവാര്‍ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്ത് വേണമായിരുന്നു വിഷയത്തില്‍ ഇടപെടേണ്ടിയിരുന്നതെന്നും യോഗത്തില്‍ ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചു.

ബിജെപി പുനഃസംഘടന നടന്നതിന് ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗമായിരുന്നു ഇന്ന് കൊച്ചിയില്‍ നടന്നത്. യോഗത്തില്‍ ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ മോചനം കൈകാര്യം ചെയ്ത രീതിയും അവലോകനം ചെയ്തു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതില്‍ സംസ്ഥാന നേതൃത്വം കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

എന്നാല്‍ ഈ വിമര്‍ശനത്തെ സംസ്ഥാന നേതൃത്വം പ്രതിരോധിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ടത് നേട്ടമായി എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. പരിവാര്‍ സംഘടനകളോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും നേതൃത്വം വിശദീകരിച്ചു.

പുന:സംഘടനയ്ക്ക് ശേഷം നടന്ന ആദ്യ ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരായ വി മുരളീധരനും കെ സുരേന്ദ്രനും സി കെ പത്മനാഭനും വിട്ടു നിന്നു. 'ഹർ ഘർ തിരംഗ'യിൽ പങ്കെടുക്കുവാൻ പോയെന്നാണ് സുരേന്ദ്രനും വി മുരളീധരനും വിശദീകരണം നൽകിയത്. സി കെ പത്മനാഭൻ വ്യക്തിപരമായ അസൗകര്യം അറിയിച്ചാണ് വിട്ടുനിന്നത്.

മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായത്. ഹിന്ദുസന്യാസിമാരുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കന്യാസ്ത്രീകളുടെ മോചനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെ ഇടപെടല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പാക്കിയത്. ബിജെപിയില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ രാജീവിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഔദ്യോഗിക നേതൃത്വം മുന്നോട്ടു പോവുകയായിരുന്നു.

Content Highlights: BJP says state leadership failed in handling Malayali nuns' release

dot image
To advertise here,contact us
dot image