ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്ററുടെ സഹോദരന്‍ ബൈജു പ്രതികരിച്ചു

dot image

കൊച്ചി: മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. പന്ത്രണ്ടരയോടെ വീട്ടിലെത്തിയ സുരേഷ് ഗോപി 15 മിനിറ്റോളം വീട്ടില്‍ ചെലവഴിച്ചു.

സിസ്റ്റര്‍ പ്രീതി മേരിയുടെ അമ്മ മേരി, അച്ഛന്‍ വര്‍ക്കി, സഹോദരന്‍ ബൈദു എന്നിവരുമായി സുരേഷ് ഗോപി സംസാരിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തിയിരുന്നുവെന്ന് സുരേഷ് ഗോപി അറിയിച്ചതായി സിസ്റ്ററുടെ സഹോദരന്‍ ബൈജു പ്രതികരിച്ചു. കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഛത്തീസ്ഗഡ് സര്‍ക്കാരുമായി സംസാരിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞതായും ബൈജു പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അവിടെവെച്ചും സുരേഷ് ഗോപി പ്രതികരിച്ചില്ല.

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ ഇന്ന് രാവിലെയായിരുന്നു സുരേഷ് ഗോപി തൃശ്ശൂരിലെത്തിയത്. എന്നാല്‍ ആരോപണങ്ങളില്‍ മന്ത്രി മൗനം തുടരുകയായിരുന്നു. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.

Content Highlights: Suresh Gopi visits the house of Sister Preethi Mary who was arrested in Chhattisgarh

dot image
To advertise here,contact us
dot image